സൂര്യകാന്തി പാടം പൂത്തു; പരീക്ഷണം വിജയിച്ച് ശ്രീനിവാസൻകേരളത്തിൽതന്നെ അപൂർവ്വമായ പരീക്ഷണത്തിനൊടുവിൽ സൂര്യകാന്തി പാടം പൂവിട്ടതിന്റെ വിജയ സ്മിതമാണ് ശ്രീനിവാസന്. മാങ്ങാട്ടിടം സ്വദേശിയായ ശ്രീനിവാസൻ മാണിയത്ത് നട്ട ആയിരത്തോളം സൂര്യകാന്തി തൈകളിലാണ് പൂ വിരിഞ്ഞത്. കർണാടക യാത്രയിൽ കണ്ട പൂത്തുലഞ്ഞ സൂര്യകാന്തി പാടങ്ങളായിരുന്നു ശ്രീനിവാസന്റെ പ്രചോദനം.കൃഷിയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ശ്രീനിവാസൻ ആദ്യം സമീപിച്ചത് കൃഷിഭവനെയാണ്. പൂർണ പിന്തുണയുമായി അവർ ഒപ്പം കൂടി ആവശ്യമായ വിത്തുകൾ ലഭ്യമാക്കി. ഡോ. എം കെ സൂരജിന്റെ തരിശായി കിടന്നിരുന്ന സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. 1500 ഓളം തൈകളാണ് നട്ടത്. ഇവയിൽ 1000ത്തോളം തൈകളിലാണ് പൂ വിരിഞ്ഞത്. കേരളത്തിലെ കാലാവസ്ഥയിൽ എത്രത്തോളം വിജയകരമാകും എന്ന ആശങ്കയുള്ളതിനാലാണ് സൂര്യകാന്തി കൃഷിക്കായി അധികമാരും മുന്നിട്ടിറങ്ങാത്തതെന്ന് ശ്രീനിവാസൻ പറഞ്ഞു. ചെലവ് വളരെ കുറഞ്ഞ കൃഷിയാണിത്. കീടബാധയും കുറവാണ്. വളപ്രയോഗത്തിനും അധികം ചെലവില്ല. നിലമൊരുക്കാനുള്ള ചെലവ് മാത്രമാണ് തനിക്ക് ഉണ്ടായതെന്നും ശ്രീനിവാസൻ പറഞ്ഞു. പൂക്കൾ വിരിഞ്ഞെങ്കിലും അത് മൂത്ത് പാകമായി വിത്തുകൾ എടുക്കാൻ രണ്ടു മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരും. സൂര്യകാന്തി വിത്ത് എണ്ണ ഉൽപാദിക്കുന്നതിന് പുറമെ നേരിട്ട് ഭക്ഷ്യ യോഗ്യവുമാണ്. സോപ്പ്, വിവിധ പെയിന്റുകൾ, തൈലങ്ങൾ എന്നിവ നിർമ്മിക്കാനും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ മികച്ച വിലയാണ് ഇതിന് ലഭിക്കുന്നത്.  സജീവമായി സൂര്യകാന്തി കൃഷി തുടരണമെന്ന ആഗ്രഹമാണ് ഇപ്പോൾ ശ്രീനിവാസന്. പാഷൻഫ്രൂട്ട്, കരിയിഞ്ചി, വിവിധ തരം പച്ചക്കറികൾ, കപ്പ, മത്സ്യകൃഷി, കോഴിവളർത്തൽ തുടങ്ങിയവയിലും സജീവമാണ് ഇദ്ദേഹം. സൂര്യകാന്തി കാണാൻ നിരവധി പേരാണ് ഇപ്പോൾ ഇവരുടെ തോട്ടത്തിലേക്ക് എത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: