തലശ്ശേരി പച്ചക്കറി മാര്‍ക്കറ്റിലെ തീപിടിത്തത്തില്‍ ദുരൂഹത

തലശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റില്‍ തിങ്കളാഴ്ച അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത. അസമയത്തുള്ള തീപിടിത്തത്തിന് കാരണം തേടിയുള്ള തലശ്ശേരി പൊലീസിന്‍െറ അന്വേഷണത്തിലാണ് സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയമുയരുന്നത്.തീപിടിച്ച സമയത്ത് സ്ഥലത്തുനിന്നും സംശയാസ്പദ സാഹചര്യത്തില്‍ ഒരാള്‍ രക്ഷപ്പെട്ട് ഒഴിഞ്ഞുപോവുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. ഇൗ അജ്ഞാതനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച അര്‍ധരാത്രി രണ്ടോടെയായിരുന്നു പുതിയ ബസ് സ്റ്റാന്‍ഡിനും പാളത്തിനും ഇടയിലുള്ള പച്ചക്കറി മാര്‍ക്കറ്റിലെ ഒരുകട തീപിടിച്ച്‌ കത്തിയമര്‍ന്നത്.കടയിലെ മസാലക്കൂട്ട് പാക്കറ്റുകളും പച്ചക്കറികളും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവയും കത്തിനശിച്ചിരുന്നു.

ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്​ടമുണ്ടായെന്നാണ് പരാതി. പാനൂര്‍ തൂവക്കുന്ന് സ്വദേശി കാനാട്ടുമ്മല്‍ ഭാസ്കരനാണ് കട നടത്തിവരുന്നത്. നിട്ടൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ് കടമുറി. മേല്‍ വാടകക്ക് ഏറ്റെടുത്തയാള്‍ വി.ബി വെജിറ്റബിള്‍ സ്​റ്റാള്‍ എന്ന പേരില്‍കട നടത്തിവരുകയാണ്. കടക്കുള്ളിലെ ക്രമംതെറ്റിയ വയറിങ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് പ്രാഥമികമായി വിലയിരുത്തിയിരുന്നത്. എന്നാല്‍, കടക്ക് തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: