കോവിഡ് ചികില്‍സ; സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തും- മന്ത്രി ഇ പി ജയരാജന്‍

5 / 100

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി ജയരാജന്‍. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കുന്നതിന് ഐഎംഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. 
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികളാണ് ജില്ലാ ഭരണകൂടവും പോലിസും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുക പ്രധാനമാണ്. അതോടൊപ്പം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു. 
ജില്ലയ്ക്ക് പുറത്തുനിന്ന് ചരക്കുകളുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ മറ്റുള്ളവരുമായി കൂടിക്കലരുന്നത് ഒഴിവാക്കണം. അവര്‍ക്കായി എല്ലാ പ്രധാന നഗരങ്ങളിലെയും മാര്‍ക്കറ്റുകളോടനുബന്ധിച്ച് ശുചിമുറി ഉള്‍പ്പെടെയുള്ള വിശ്രമ കേന്ദ്രം ബന്ധപ്പെട്ടവര്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. 
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എസ്പി യതീഷ് ചന്ദ്ര, എഡിഎം പി മേഴ്‌സി, ഡിഎംഒ കെ നാരായണ നായിക്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: