കുറുമാത്തൂര്‍ ഇനി സമ്പൂര്‍ണ ശുചിത്വ – തരിശ് രഹിത പഞ്ചായത്ത്

സമ്പൂര്‍ണ ശുചിത്വതരിശ് രഹിത ഗ്രാമപഞ്ചായത്തെന്ന നേട്ടം കൈവരിച്ച് കുറുമാത്തൂര്‍. ഇതിന്റെ പ്രഖ്യാപനം ജയിംസ് മാത്യു എം എല്‍ നിര്‍വഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കിയ കാര്‍ഷികജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. 
സുഭിക്ഷ കേരളം പദ്ധതി ഉള്‍പ്പെടെ കാര്‍ഷിക രംഗത്ത് നടത്തിയ മികച്ച മുന്നേറ്റമാണ് പഞ്ചായത്തിനെ തരിശ് രഹിത നേട്ടം കരസ്ഥമാക്കാന്‍ പ്രാപ്തമാക്കിയത്.  ഇതുവരെ 4706 ഹെക്ടര്‍ സ്ഥലം കാര്‍ഷിക ആവശ്യത്തിന് വിനിയോഗിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. നെല്‍കൃഷിക്ക് യോഗ്യമായ 140 ഹെക്ടര്‍ നെല്‍വയലില്‍ 132 ഹെക്ടറില്‍ ഒന്നാംവിള നെല്‍കൃഷിയും 54 ഹെക്ടറില്‍ രണ്ടാംവിള നെല്‍കൃഷിയും ചെയ്യുന്നുണ്ട്. 60 ഹെക്ടറില്‍ വേനല്‍ക്കാല പച്ചക്കറിയും 50 ഹെക്ടറില്‍ ഉഴുന്ന്, പയര്‍ എന്നിവയും 15 ഹെക്ടറില്‍ മറ്റുവിളകളും കൃഷി ചെയ്യുന്നുണ്ട്. തരിശ് രഹിത കുറുമാത്തൂര്‍ പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങളായി തരിശിട്ടിരുന്ന 10 ഹെക്ടര്‍ നെല്‍വയലാണ് കൃഷിയോഗ്യമാക്കിയത്. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നതിന്റെ ഭാഗമായി രണ്ടുവര്‍ഷമായി കൃഷി ചെയ്യാന്‍ സാധിക്കാത്ത ചവനപ്പുഴ, മുണ്ടേരി, പള്ളിവയല്‍, മുയ്യം, ചെപ്പനൂല്‍ പാടശേഖരങ്ങിലായി 12 ഹെക്ടര്‍ സ്ഥലവും കൃഷിയോഗ്യമാക്കി. കൂടാതെ രണ്ട് ഹെക്ടറിലെ തരിശ് രഹിത കൃഷി ഉള്‍പ്പെടെ 131 ഹെക്ടറില്‍ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
ഓണവിപണി ലക്ഷ്യമാക്കി നിലവില്‍ 90 ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്.  കൃഷി വകുപ്പിലൂടെയും   ജനകീയാസൂത്രണ പദ്ധതികളിലൂടെയും 112 ഹെക്ടര്‍ സ്ഥലത്ത് ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി തുടങ്ങിയ കിഴങ്ങ് വിളകളും 11 ഹെക്ടറില്‍ വാഴയും കൃഷി ചെയ്യുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലായി ഞാറ്റുവേല ചന്തകളിലൂടെയും മറ്റും 2,64,770 രൂപയുടെ നടീല്‍ വസ്തുക്കളാണ് വിതരണം ചെയ്തത്. 
മാലിന്യ സംസ്‌കരണം, പാതയോരം ഹരിതയോരം പദ്ധതി ഉള്‍പ്പെടെ ശുചിത്വ രംഗത്തും മികച്ച ഇടപെടലുകള്‍ നടത്താന്‍ കുറുമാത്തൂര്‍ പഞ്ചായത്തിന് സാധിച്ചു. വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തെന്ന നേട്ടം കൈവരിച്ചതിനോടൊപ്പം വഴിയാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സൗകര്യപ്രദമാകുന്ന രീതിയില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ജൈവഅജൈവ മാലിന്യങ്ങള്‍ പ്രത്യേകം സംസ്‌കരിക്കുകയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പെന്‍ ബൂത്തുകള്‍ സ്ഥാപിക്കുകയും ചെയ്തു. തുണി, പേപ്പര്‍ ബാഗ്, പാള പ്ലേറ്റ് നിര്‍മ്മാണ യൂണിറ്റുകളും പഞ്ചായത്ത് പരിധിയില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഐവി നാരായണന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില, വിഇഒ എന്‍ പി കമാലുദ്ദീന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ ജാനകി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ലളിത, ഇബ്രാഹിം കുട്ടി, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി എം രാജീവ്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം വി വിനോദ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: