കുടകിൽ സമ്പർക്കത്തിലൂടെ 10 പേർക്കുകൂടി കോവിഡ്

ഇരിട്ടി: കണ്ണൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന കർണാടകത്തിലെ കുടക് ജില്ലയിൽ അതിവേഗം കോവിഡ് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു

രണ്ടാഴ്ചക്കിടെ 92 പേർക്ക്‌ കോവിഡ്‌. ഇതിൽ 40 പേർക്കും സമ്പർക്കം വഴിയാണ‌് രോഗബാധ. പത്തോളം പേർ ആരോഗ്യപ്രവർത്തകരാണ്‌. കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കഴിഞ്ഞാഴ്ച നാല് സോണുകളായിരുന്നത‌് 36 ആയി വർധിച്ചു.

പെരമ്പാടിയിൽ ഒരു കുടുംബത്തിലെ 12, 36 വയസ്സുകാരടക്കം മൂന്നുപേരാണ‌് പോസിറ്റീവ‌്. തിങ്കളാഴ്ച 14 കേസുകൾ ജില്ലയിൽ പുതുതായി റിപ്പോർട്ട് ചെയ്തു. മടിക്കേരിയിൽ ഹെൽത്ത് വർക്കറുടെ  കുടുംബത്തിലെ മൂന്ന് പേർക്ക‌് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ 39 കാരിയും  38,18 കാരുമുണ്ട‌്. സോമവാർപേട്ട താലൂക്കിലെ ബലഗുണ്ടയിൽ 11 വയസ്സുള്ള  കുട്ടിക്കും പ്രൈമറി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പെരിയപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്ന 17 കാരനും   സമ്പർക്കത്തിലൂടെ പോസിറ്റീവായി. മടിക്കേരി ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും  ആരോഗ്യപ്രവർത്തകയ്ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. 

നിലവിൽ മടിക്കേരി ജനറൽ ആശുപത്രിയിൽ മാത്രമാണ് കോവിഡ് ചികിത്സ. ഇവിടെയാകട്ടെ പരിമിതമായ സൗകര്യങ്ങൾ മാത്രം. വീരാജ്‌പേട്ട ദന്തൽ കോളേജ് കോവിഡ് ആശുപത്രിയാക്കി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: