എണ്ണസംഭരണി പാടില്ലെന്ന നിലപാട് വികസന വിരുദ്ധം

പയ്യന്നൂര്: കണ്ടങ്കാളിയില് എണ്ണ സംഭരണി പാടില്ലെന്ന നിലപാട് വികസന വിരുദ്ധമാണെന്ന് സിപിഎം കണ്ണൂര് ജില്ലാ കമ്മിറ്റിയംഗം ടി.ഐ.മധുസൂദനന്. എണ്ണ സംഭരണി ഒരു പ്രദേശത്ത് വരാന് പാടില്ലെന്ന നിലപാട് ആര്ക്കാണ് എടുക്കാന് കഴിയുക എന്നും അദ്ദേഹം ചോദിച്ചു.രാമന്തളി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.കുഞ്ഞിക്കണ്ണന് മാസ്റ്റര് ചരമദിനത്തിന്റെ ഭാഗമായി രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തില് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്പതും അതിലേറേയും വര്ഷങ്ങളായി നിലനില്ക്കുന്ന നാടുനീളെയുള്ള ഇരുപത്തയ്യായിരത്തിന്റേയും അന്പതിനായിരത്തിന്റേയും സംഭരണ ശേഷിയുള്ള ടാങ്കുകള് മൂലം കുടിവെള്ളം മോശമായ അവസ്ഥയുണ്ടായോ. ലോകത്തെ ആദ്യത്തെ എണ്ണ സംഭരണിയാണോ കണ്ടങ്കാളിയില് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ലോകം സഞ്ചരിക്കുന്നതിന്റെ ഭാഗമായി ഒരു തുള്ളി പെട്രോളിയം പോലും പുറത്ത് പോകാത്ത രീതിയിലുള്ള ആധുനിക സാങ്കേതിക വിദ്യകള് ഉപയോഗിച്ചാണ് എണ്ണ സംഭരണി സ്ഥാപിക്കുന്നത്. ഈ പദ്ധതിമൂലം നാടിന്റെ മുഖംതന്നെ മാറാന് പോകുകയാണ്.എന്തെല്ലാം ചെയ്യണമെന്ന കാര്യത്തില് സിപിഎമ്മിന് വ്യക്തമായ അഭിപ്രായമുണ്ട്. ഏത് പദ്ധതികള് വരുമ്പോഴും അതിന് വിപരീതമായി ജനങ്ങളുടെ മനസില് സംശയങ്ങളുടെ തീകോരിയിട്ട് വഴിതെറ്റിക്കാന് ശ്രമിക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ.പി.വി.രാഘവന് അദ്ധ്യക്ഷത വഹിച്ചു. എം.വി.ഗോവിന്ദന്, കെ.രാഘവന്, പി.വി.സുരേന്ദ്രന്,ഒ.കെ.ശശി തുടങ്ങിയവര് സംസാരിച്ചു.

%d bloggers like this: