മൊബൈൽ ഫോൺ കടയിൽ മോഷണം, 40 ഫോണുകളും പണവും കവർന്നു

തലശേരി: നഗരത്തിലെ മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് കവർച്ച. എംഎം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിലാണ് കവർച്ച നടന്നത്. നാൽപ്പത് ഫോണുകളും 15,000 രൂപയും കവർന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവ് കടയിൽ കയറി പണത്തിനായി തെരയുന്നതും മൊബൈൽ ഫോണുകൾ ബാഗുകളിലേക്ക് മാറ്റുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കടയുടമകളായ വേങ്ങാട് ഊർപ്പള്ളിയിലെ കെ.വി. ഹൗസിൽ ഷർഫുദ്ദീൻ, ഫാത്തിമാസിൽ ഫസൽ എന്നിവരുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തെ സിയാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫോണോ ക്ലബ് എന്ന കടയിൽ മോഷണ ശ്രമവും നടന്നു.
സമീപത്തെ മറ്റൊരു കടയുടെ പൂട്ട് തകർത്ത നിലയിലാണ്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീട് വരെയെത്തി. ഒരു മാസം മുമ്പ് തലശേരി മട്ടാന്പ്രത്തെ മൂന്ന് കടകളിലും മോഷണം നടന്നിരുന്നു.