കൊവിഡ് രോഗികള്‍ക്ക് സാന്ത്വനമായി ജില്ലാ പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്

കണ്ണൂർ :കൂട്ടിരിപ്പിന് പോലും ആരെയും നിര്‍ത്താന്‍ കഴിയാത്ത ഈ കൊവിഡ് കാലത്ത് കൊവിഡ് രോഗികള്‍ക്ക് താങ്ങായി മാറുകയാണ് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്. കൊവിഡ് ചികിത്സക്കായി ആശുപത്രിയിലെത്തുന്നവര്‍, ടെസ്റ്റ്, വാക്‌സിനേഷന്‍ മുതലായ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം വേണ്ട സൗകര്യങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്തില്‍ ഐആര്‍പിസിയുമായി സഹകരിച്ച് ആരംഭിച്ച ഈ ഹെല്‍പ് ഡസ്‌ക് ഒരുക്കുന്നത്.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് 100 ഓളം വളണ്ടിയര്‍മാരാണ് രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഭക്ഷണം തുടങ്ങിയവ എത്തിച്ചു നല്‍കുക, ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക, കൊവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കുക, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സഹായിക്കുക, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നാല്‍ അതിനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഹെല്‍പ്പ് ഡെസ്‌ക് വഴി ചെയ്യുന്നത്. ഒരു ദിവസം ആറു വളണ്ടിയര്‍മാരാണ് ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടാവുക. ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിന് മുന്‍വശത്തായിട്ടാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക് 9400382555 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. ആശുപത്രിയിലെ 108 ആംബുലന്‍സിന് പുറമെ ഐആര്‍പിസിയുടെ വാഹനങ്ങളും കൊവിഡ് രോഗികളെയും ബന്ധുക്കളെയും സഹായിക്കാനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: