ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ കമ്പ്യൂട്ടർ ലാബിലെ 29 കമ്പ്യൂട്ടർ മോഷണം പോയി- കവർന്നത് 8 ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകൾ

 

ഇരിട്ടി : ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ വൻ കവർച്ച. കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്ക്കൂൾ ബ്ലോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകൾ ആണ് മോഷ്ടാക്കൾ കവർന്നത്.
താലൂക്ക് തല വാക്സിനേഷൻ സെന്ററായി ഇരിട്ടി നഗരസഭ സ്‌കൂളിനെ ഏറ്റെടുത്തിരുന്നു. ഇതിനെത്തുടർന്ന് സ്‌കൂളിലെ ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതിനായി പ്രഥമാധ്യാപിക ഇ. പ്രീത സ്‌കൂളിൽ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെടുന്നത്.
സ്കൂളിൻ്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ് മോഷ്ടാക്കൾ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചത് . തൊട്ടടുത്ത കമ്പ്യൂട്ടർ ലാബിൻ്റെ മുറിയുടെ ഗ്രിൽസിൻ്റെയും വാതിലിൻ്റെയും പൂട്ടു തകർത്ത നിലയിലാണ്. ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പും മോഷ്ടാക്കൾ കവർന്നു. കഴിഞ്ഞ 28ന് പത്താം ക്ലാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടർന്നു നടക്കുന്ന ഐ ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും കമ്പ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐ ടി പരീക്ഷ സർക്കാർ മാറ്റിവെയ്ക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്കൂളിന് നൽകിയ ലാപ്ടോപ്പുകളാണ് മോഷണം പോയത്. 25000 മുതൽ 28000 രൂപ വില വരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകളാണ് മോഷണം പോയത്

സ്കൂൾ പ്രധാനാധ്യാപിക എൻ.പ്രീതയുടെ പരാതിയിൽ ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി. രാജേഷ്, ഇരിട്ടി എസ് ഐ എം. അബ്ബാസ് അലി, ജൂനിയർ എസ് ഐ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വോഷണത്തിൻ്റെ ഭാഗമായി കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും’ വിരലടയാള വിദഗ്ദ്ധരും ഇന്ന് സ്കൂളിലെത്തി പരിശോധന നടത്തും.
സമാനമായ രീതിയിൽ കഴിഞ്ഞ ലോക് ഡൗൺ സമയത്തും ഇരിട്ടി ഹയർ സെക്കണ്ടറിസ്കൂളിൽ മോഷണം നടന്നിരുന്നു ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിൻ്റെ വാതിലിൻ്റെ പുട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ട്കമ്പ്യൂട്ടർ ബാറ്ററിയും, യു പി എസ്സും, രണ്ട് ലാപ്ടോപ്പുകളും മോഷ്ടിക്കുകയായിരുന്നു. സ്കൂൾ കോമ്പൗണ്ടിലെ ശൗചാലയങ്ങളിലെ 20 സ്റ്റീൽവാട്ടർ ടാപ്പുകളും അന്ന് മോഷ്ടിച്ചിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച്ചയ്ക്കകം തന്നെ പേരാവൂർ, ആറളം ഫാം സ്വദേശികളായ രണ്ട് മോഷ്ടാക്കളെ ഇരിട്ടി പോലീസ് പിടി കൂടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: