വാഹന ഉടമസ്ഥാവകാശം മാറ്റൽ: നടപടിക്രമങ്ങൾ ലഘൂകരിച്ചു

വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വാഹനം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും രണ്ടു ഓഫീസുകളുടെ പരിധിയിലാണെങ്കിൽ അപേക്ഷകർക്ക് നോ-ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്താനും രണ്ടു ഓഫീസുകളെയും സമീപിക്കേണ്ടി വന്നിരുന്നു. അത് കാലതാമസം സൃഷ്ടിക്കുന്നുവെന്ന പരാതികൾ ഗതാഗതമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതിനു പരിഹാരമായാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹൻ-4 ലെ ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ നൽകണം.  രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന പകർപ്പും ഓൺലൈൻ സംവിധാനം മുഖേന അപ്ലോഡ് ചെയ്യണം.

        വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഓഫീസ് തിരഞ്ഞെടുക്കണം.  അപേക്ഷയോടും അനുബന്ധ രേഖകളോടും ഒപ്പം ആർ.സി അയയ്ക്കാൻ സ്പീഡ് പോസ്റ്റിനു ആവശ്യമായ സ്റ്റാമ്പ് പതിച്ച തപാൽ കവർ അയയ്ക്കണം.  തെരെഞ്ഞെടുത്ത ഓഫീസിൽ തപാൽ മുഖേന ഇത് അയയ്ക്കണം. ഓഫീസിനു മുമ്പിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയുമാവാം.

ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഓൺലൈൻ ടോക്കൺ എടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. ഇത്തരം അപേക്ഷകളിൽ മുൻഗണനാക്രമം അനുസരിച്ചേ ഓഫീസിൽ നിന്നും തീർപ്പ് കൽപിക്കൂ. അപേക്ഷ സമർപ്പിക്കുന്ന ഓഫീസിൽ നിന്ന് തന്നെ നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം പൂർത്തിയാക്കി പുതിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പുതിയ ഉടമസ്ഥന് തപാൽ മുഖേന അയച്ചു നൽകും. പഴയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നശിപ്പിക്കുകയും ചെയ്യും. വാങ്ങുന്ന വ്യക്തിയും വിൽക്കുന്ന വ്യക്തിയും വ്യത്യസ്ത ഓഫീസുകളുടെ പരിധിയിലാവുകയും വിൽക്കുന്ന വ്യക്തിയുടെ ഓഫീസ് പരിധിയിൽ അപേക്ഷ നൽകുകയും ചെയ്യുമ്പോൾ വാഹനത്തിന്റെ നിലവിലെ രജിസ്റ്ററിംഗ് അതോറിറ്റിക്ക് സംസ്ഥനത്തിനകത്തെ മറ്റേതൊരു രജിസ്റ്ററിങ് അതോറിറ്റിയുടെ അധികാര പരിധിയിലേക്കും വാഹന കൈമാറ്റം രേഖപ്പെടുത്താൻ അധികാരം നൽകിയിട്ടുണ്ട്. വാഹനവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ നിലവിലുണ്ടായിരിക്കരുത്.

       പുതുക്കിയ നടപടി പ്രകാരം, വാഹന ഉടമയ്ക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യമുണ്ട്. ഇതുമൂലം കാലതാമസമില്ലാതെ കൈമാറ്റത്തിന് അപേക്ഷിക്കാനും മറ്റു പ്രശ്‌നങ്ങൾ ഒഴിവാക്കാനും സാധിക്കും.

വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റാതെയും വഞ്ചിതരാവുകയും വിവിധ വാഹന അപകട കേസുകളിൽ നഷ്ടപരിഹാരവും വലിയ വാഹന നികുതിയും അടയ്‌ക്കേണ്ടി വന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിരുന്നതായി ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു.  പുതിയ നടപടിപ്രകാരം ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാവും.

        വാഹനങ്ങളുമായി ബന്ധപ്പെട്ട് ആർ.ടി.ഓഫീസുകളിൽ സമർപ്പിക്കേണ്ട എല്ലാ അപേക്ഷകളും ഇനിമുതൽ ഓഫീസ് പരിസരത്ത് പ്രത്യേകം സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സാമൂഹിക അകലം പാലിക്കുന്നതിന് ഇപ്പോൾ സഹായകരമായ ഈ സംവിധാനം ഭാവിയിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: