ഇനി പരീക്ഷാച്ചൂട്

കണ്ണൂർ: ഇനിയുള്ള കുറച്ചുദിവസങ്ങൾ പരീക്ഷാചര്ചൂടിന്റെതാണ്. കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ച തുടങ്ങും. ആകെ 69,253 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

എസ്.എസ്.എൽ.സി. കടമ്പകടക്കാൻ 35,704 വിദ്യാർഥികൾ. 35,704 വിദ്യാർഥികളാണ് ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്. ഇതിൽ 17,938 ആൺകുട്ടികളും 17,136 പെൺകുട്ടികളുമാണുള്ളത്. 209 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചരിക്കുന്നത്.

103 സർക്കാർ സ്കൂളുകളിലും 77 എയ്ഡഡ് സ്കൂളുകളിലും 29 അൺ എയ്‌ഡഡ് സ്കൂളുകളിമാണ് പരീക്ഷാകേന്ദ്രങ്ങൾ. ആദ്യ മൂന്ന് പരീക്ഷ നടക്കുന്ന വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഉച്ചയ്ക്കാണ് പരീക്ഷ. മറ്റുദിവസങ്ങളിൽ രാവിലെ 9.40-ന് പരീക്ഷ തുടങ്ങും. ഏപ്രിൽ 29-ന് പരീക്ഷ അവസാനിക്കും. പരീക്ഷാ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡി.ഇ.ഒ. തലത്തിലുള്ള നിരീക്ഷണ സ്ക്വാഡുമുണ്ടാവും.

പ്ലസ് ടു പരീക്ഷയെഴുതാൻ 33,549 പേർ

:വ്യാഴാഴ്ച തുടങ്ങുന്ന ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയ്ക്ക് 33,549 വിദ്യാർഥികളാണ് ജില്ലയിൽ രജിസ്റ്റർചെയ്തത്. ഇതിൽ 16,479 പെൺകുട്ടികളും 17,070 ആൺകുട്ടികളുമാണുള്ളത്. 30,271 റഗുലർ വിദ്യാർഥികളിൽ 15,259 പെൺകുട്ടികളും 15,012 ആൺകുട്ടികളുമാണുള്ളത്. ഓപ്പൺ സ്കൂളുകളിൽനിന്നായി 2,351 വിദ്യാർഥികളും പരീക്ഷ എഴുതും. 919 പേർ കമ്പാർട്ട്‌മെന്റൽ വിഭാഗത്തിലുള്ളതാണ്. 154 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.

ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 26-ന് സമാപിക്കും. എല്ലാദിവസവും രാവിലെ 9.30-നാണ് പരീക്ഷ തുടങ്ങുക.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

:കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷാനടത്തിപ്പ്. വിദ്യാർഥികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ഒരുക്ലാസിൽ പരമാവധി 20 വിദ്യാർഥികളാണുണ്ടാവുക. കോവിഡ് പ്രതിരോധ നടപടികൾ പാലിക്കേണ്ടതിനാൽ വിദ്യാർഥികൾ അൽപ്പം നേരത്തേ സ്കൂളിലെത്തണം. കൈകൾ സാനിറ്റൈസ് ചെയ്യാനും മറക്കരുത്. പരീക്ഷ തുടങ്ങുന്നതിന് മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾ അണുവിമുക്തമാക്കി.

ആശങ്കയകറ്റാൻ വാർ റൂം റെഡി

:പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനുമായി ഡി.ഡി.ഇ. ഓഫീസിൽ വാർറൂം സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡി.ഡി.ഇ. ഓഫീസിലെ 0497 2705149 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇതിനുപുറമെ 8281142146, 9496192254, 9497538880 എന്നിവയാണ് മറ്റ്‌ നമ്പറുകൾ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം.

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുണ്ടാകുന്ന ആശങ്കയകറ്റാൻ വാർ റൂമിൽ രണ്ട് കൗൺസലർമാരുടെ സേവനവും ഒരുക്കി. പുരുഷ-വനിതാ കൗൺസലർമാരാണ് വാർറൂമിൽ കുട്ടികളെ സഹായിക്കാനായി ഉണ്ടാവുക. ഫോൺ: 9349999007, 9447888738.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: