പൊതു ഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങള്‍ മേയ്15 വരെ അടച്ചിടണമെന്ന് മന്ത്രിസഭാ സമിതി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ പങ്കെടുത്ത മന്ത്രിസഭാ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനകള്‍ക്ക് ബലം വര്‍ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കും. എന്നാല്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം അതിദ്രുതം നടക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കണമെന്നാണ് വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം. നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.
മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടാനാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ആളുകള്‍ കൂട്ടമായി എത്താന്‍ സാധ്യതയുള്ള മതകേന്ദ്രങ്ങള്‍ പോലുള്ള സ്ഥലങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കണമെന്നും ഡ്രോണുകളിലൂടെയുള്ള നിരീക്ഷണം വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഏപ്രില്‍ 14 മുതല്‍ നാല് ആഴ്ച നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സമിതി നിര്‍ദശിച്ചിരിക്കുന്നത്.
ഇക്കാലയളവില്‍ മതകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 24 ന് ശേഷം ചേര്‍ന്ന നാലാമത്തെ മന്ത്രിസഭാ സമിതി യോഗമായിരുന്നു ഇത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: