സർവ്വകലാശാലാ പെൻഷൻ ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണം;അഡ്വ.മാർട്ടിൻ ജോർജ്ജ്


കണ്ണൂർ: സർവ്വകലാശാലകൾ ജീവനക്കാരുടേയും അധ്യാപകരുടേയും വിരമിക്കൽ പെൻഷൻ ആനുകൂല്യങ്ങൾക്കായി പ്രത്യേകം പെൻഷൻഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവിനെതിരേ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിൻ്റെ ആഹ്വാന പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ഓർഗനൈസേഷൻ, ടീച്ചേഴ്സ് അസോസിയേഷൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സർവ്വകലാ ആസ്ഥാനത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ദീർഘവീക്ഷണമില്ലാതെ ഇറക്കിയ പെൻഷൻ ഉത്തരവ് സർവ്വകലാശാലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അതിനാൽ എത്രയും പെട്ടെന്ന് ഈ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും
അധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങളെല്ലാം ഓരോന്നായി കവർന്നുകൊണ്ടിരിക്കുന്ന സർക്കാർ നയങ്ങൾക്കെതിരേ നടത്തുന്ന ന്യായമായ ഈ സമരത്തിൽ ഇടതുപക്ഷ സംഘടനകളും ചേരുന്നതായിരിക്കും അവരുടെ ഭാവിക്ക് നല്ലതെന്നും അദ്ദേഹം സൂചിപ്പിച്ചു. തനത് വരുമാനവർദ്ധനവിനു വേണ്ടി വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ചാൽ അത് സ്വകാര്യ സർവ്വകലാശാല കളെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാവുകയും പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസമെന്നത് വെറും സ്വപ്നം മാത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ.സുരേഷ് ബാബു എളയാവൂർ, ഫെഡറേഷൻ ട്രഷറർ ശ്രീ.ജയൻ ചാലിൽ, സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡണ്ട് ശ്രീ.ഹരിദാസൻ ഇ.കെ., ടീച്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് ഡോ.കെ.ഗംഗാധരൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡണ്ട് ശ്രീ.ബാബു ചാത്തോത്ത്, ശ്രീ.സി.കെ.പ്രദീപ്, ശ്രീ.കെ.സഹദേവൻ, ശ്രീ.സിറാജ്, ശ്രീ.പ്രഭാത് കുമാർ, ശ്രീ.ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: