മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്ര ഉത്സവം;പൊതു സ്ഥലങ്ങളിൽ തുടങ്ങുന്ന കലശങ്ങൾക്ക് അനുമതി നൽകില്ല


മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വീടുകളിൽ നിന്നുള്ള കലശങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സമാധാന യോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളിൽ തുടങ്ങുന്ന കലശങ്ങൾക്ക് അനുമതി നൽകില്ല. കലശങ്ങളിലും കാഴ്ചയിലും രാഷ്ട്രീയ പാർട്ടിയുടെയോ മറ്റ് സംഘടനകളുടെയോ  അടയാളങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുകയോ കാഴ്ചയിലും മറ്റും പങ്കെടുക്കുന്നവർ അത്തരം അടയാളങ്ങൾ കൊണ്ടു നടക്കുകയോ ദേഹത്ത് ധരിക്കുകയോ പാടില്ല.  എടക്കാട് എസ്ഐ എം അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
മാർച്ച് ഒമ്പതിന് ക്ഷേത്രത്തിലേക്ക് എത്തുന്ന കലശങ്ങളും കാഴ്ചകളും ക്ഷേത്ര കമ്മിറ്റി നിഷ്‌കർഷിച്ച സമയം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പ്രധാന കവലകളിലും മറ്റും സമയ ക്രമം തെറ്റിച്ച് കൂടുതൽ സമയം ചെലവഴിച്ച് കലശവുമായി എത്തുന്നവർക്കെതിരെയും മറ്റ് കലശങ്ങളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി മാർഗ തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും പൊലീസിന്റെയും ക്ഷേത്ര കമ്മിറ്റിയുടെയും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.കലശങ്ങളിലും കാഴ്ചയിലും ക്ഷേത്ര കമ്മിറ്റി നിഷ്‌കർഷിച്ച രീതിയിലുള്ള അഞ്ച് എണ്ണം ചെണ്ടമേളമല്ലാതെ ബാന്റ്, നാദസ്വരം, നാസിക് ഡോൾ എന്നിവ ഒഴിവാക്കും.
ക്ഷേത്ര ഉത്സവ ദിവസങ്ങളിൽ മുഴപ്പിലങ്ങാട് എടക്കാട് മേഖലകളിൽ അനധികൃത മദ്യ വിൽപ്പന തടയുന്നതിനും പൊലീസിന്റെയും എക്സൈസിന്റെയും വ്യാപകമായ പരിശോധന നടത്തും. പൊതു സ്ഥലങ്ങളിൽ പരസ്യ മദ്യപാനം നടത്തുന്നവർക്കെതിരെയും മദ്യപിച്ച് പൊതുജന ശല്യമുണ്ടാക്കുന്നവർക്കെതിരെയും പൊലീസ് കർശന നടപടി സ്വീരിക്കും.
കാഴ്ച, കലശം എന്നിവ വരുന്ന വഴിയിൽ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും പൊതുജന ജീവന് ഭീഷണിയാവുന്ന തരത്തിൽ പടക്കവും മറ്റും ഉപയോഗിക്കുന്നവർക്കെതിരയെും പൊലീസ് നിയമ നടപടി സ്വീകരിക്കും.
ക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട് ടൗണിലും പരിസരത്തും ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളും നിറങ്ങളും കൊടി തോരണങ്ങളും മറ്റും സ്ഥാപിക്കില്ല എന്നും റോഡിന് കുറുകെയുള്ള സ്വാഗത ബോർഡുകളും കൊടികളും മറ്റും ഒഴിവാക്കാനും യോഗത്തിൽ ധാരണയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: