പെരുമാറ്റച്ചട്ടം; ഇതിനകം നീക്കം ചെയ്തത് ആറായിരത്തിലേറെ നിയമലംഘനങ്ങള്‍

സിവിജിലില്‍ ലഭിച്ചത് നാലായിരത്തിലേറെ പരാതികള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപടികള്‍ ശക്തമാക്കി. ഇതിനായി നിയോഗിക്കപ്പെട്ട മണ്ഡലംതല എംസിസി ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ 6575 നിയമലംഘനങ്ങള്‍ കണ്ടെത്തി നീക്കം ചെയ്തു. 5000ത്തിലേറെ പോസ്റ്ററുകള്‍, 700ലേറെ ബാനറുകള്‍, 800ലേറെ കൊടികള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികളാണ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയ സിവിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇതിനകം 4331 പരാതികള്‍ ലഭിച്ചതില്‍ 4302 എണ്ണം പരിഹരിച്ചു. പേരാവൂര്‍ (593), അഴീക്കോട് (547), കൂത്തുപറമ്പ് (488) എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സര്‍വീസ് സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ ബോര്‍ഡുകളും മറ്റും ഇതിനകം നീക്കം ചെയ്തു കഴിഞ്ഞു. ബിഎസ്എന്‍എല്‍, കെഎസ്ഇബി പോസ്റ്റുകളിലെ അനധികൃത പ്രചാരണ ബോര്‍ഡുകള്‍ മറ്റും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, പൊതുമുതല്‍ സംരക്ഷണം നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലത്തിലും രണ്ടു വീതം സ്‌ക്വാഡുകളും ജില്ലാ തലത്തില്‍ രണ്ട് സ്‌ക്വാഡുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: