ജില്ലയിലെ കാൻസർ പ്രതിരോധം മാതൃകാപരം: മന്ത്രി എം.വി ഗോവിന്ദൻ


ജില്ലയിലെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ആരംഭിക്കുന്ന ‘കണ്ണൂർ ഫൈറ്റ്‌സ് കാൻസർ’ കാംപയിനിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദഗ്ദരായ ഡോക്ടർമാരുടെ സേവനം നമുക്ക് ലഭ്യമാണ്. കാൻസർ തുടക്കത്തിൽ കണ്ടെത്താനായാൽ ഫലപ്രദമായി ചികിത്സ നൽകാനാകും. കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും എടുക്കുന്ന മുൻകരുതലുകൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.കാൻസർ സ്‌ക്രീനിങ്ങ്, കാൻസർ പ്രതിരോധ ജീവിത ശൈലി പ്രചരണം, പേഷ്യന്റ് സപ്പോർട്ടീവ് സർവിസസ് എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ‘കണ്ണൂർ ഫൈറ്റ്‌സ് കാൻസർ’ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. കലക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാകലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അഡ്വ. കെ.കെ രത്‌നകുമാരി, അഡ്വ. ടി. സരള, ജില്ലാമെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായിക്, ദേശീയ ആരോഗ്യദൗത്യം ജില്ലാപ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: