ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; കോടിയേരിയെ രാജിസന്നദ്ധത അറിയിച്ച്‌ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ഇതാണ് സ്ഥിതിയെങ്കില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് വിവരം. അതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് എ.പത്മകുമാറിന്‍റെ പരാതി.

സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു.
ഇങ്ങനെയാണെങ്കില്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചുവെന്നാണ് വിവരം. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു.
രാജിയേക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്ന് പത്മകുമാര്‍ അടുത്ത വൃത്തങ്ങളോടും സൂചിപ്പിക്കുന്നു. എന്നാല്‍ രാജി ഉടന്‍ ഉണ്ടായേക്കില്ല. പകരം അടിയന്തമായി ദേസ്വം ബോര്‍ഡ് യോഗം വിളിച്ച്‌ മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും.
അതേസമയം സുപ്രീം കോടതിയില്‍ യുവതീപ്രവേശം അനുവദിച്ച വിധിന്യായത്തെ എതിര്‍ക്കുന്നോ എന്ന ന്യായാധിപന്‍റെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറഞ്ഞ് നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മറുപക്ഷത്തിന്‍റെ വാദം. ഈ നിലപാട് ഇന്നലെ എകെജി സെന്‍ററിലെത്തി രാജഗോപാലന്‍നായരും കമ്മീഷ്ണര്‍ വാസുവും കോടിയേരി ബാലകൃഷ്ണനോട് വിശദകീരിച്ചിരുന്നു.
ചുരുക്കത്തില്‍ ബോര്‍ഡ് തീരുമാനമില്ലാതെ കോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ത്തതിനെ ചൊല്ലിയാവും ഇനി യുദ്ധം. പാര്‍ട്ടി പരിപാടികളില്‍ സജ്ജീവമല്ലാതിരുന്ന എ.പത്മകുമാര്‍ ഇന്നലെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാനെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: