കൊവിഡ് പ്രതിരോധ വാക്സിനേഷന് ജില്ല സജ്ജം; ആരോഗ്യ പ്രവര്‍ത്തകരില്‍ ഡ്രൈ റണ്‍ നടത്തി

കൊവിഡ് വാക്സിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) ജില്ലയില്‍ നടന്നു. ഓരോ കേന്ദ്രത്തിലും തെരഞ്ഞെടുക്കപ്പെട്ട 25 ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന കണക്കില്‍ 75 പേരിലാണ് ഡ്രൈ റണ്‍ നടത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഡ്രൈ റണ്‍ 11 മണി വരെ തുടര്‍ന്നു.
നാല് ഘട്ടങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ആദ്യം വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക പരിശോധിച്ച് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന് ഓരോരുത്തരെയായി വാക്സിനേഷന്‍ മുറിയിലേക്ക് കടത്തി വിട്ടു. വാക്സിനേഷന്‍ മുറിയിലുള്ള ആരോഗ്യപ്രവര്‍ത്തകന്‍ കോവിന്‍ ആപ്പ് ഉപയോഗിച്ച് മറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍, ജനനതീയ്യതി, വയസ് തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തി. പിന്നീട് വാക്സിനേഷന്‍ എടുക്കുവാനുള്ള സ്ഥാലത്തേക്ക് കടത്തിവിട്ടു. നഴ്‌സ് വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ ആവശ്യവും പറഞ്ഞു മനസിലാക്കിയതിന് ശേഷം വാക്സിന്‍ നല്‍കി. ഗുണഭോക്താവിനെ അര മണിക്കൂര്‍ സമയം നിരീക്ഷണ മുറിയിലേക്ക് മാറ്റി. നിരീക്ഷണ മുറിയില്‍ സ്റ്റാഫ് നഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഗുണഭോക്താവിനെ നിരീക്ഷിച്ചു. വാക്സിന് ശേഷം ശരീരത്തില്‍ തടിപ്പ്, അലര്‍ജി തുടങ്ങിയ അസ്വസ്ഥതകളും ബോധക്ഷയം, ശ്വാസതടസം പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോ എന്നുള്ളതും ഇവര്‍ നിരീക്ഷിച്ചു. തുടര്‍ ദിവസങ്ങളില്‍ ഇവര്‍ ഗുണഭോക്താവുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കും. പഴുതടച്ച സംവിധാനങ്ങളാണ് ജില്ലയില്‍ വാക്‌സിനേഷായി ഒരുക്കിയിട്ടുള്ളത്.
ജില്ലാ ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം, ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. ജില്ലാ ആശുപത്രിയില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത ഡ്രൈ റണ്ണിന് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. പി കെ രാജീവന്‍, അഴീക്കോട് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്ധുകല, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ബെന്നി ജോസഫ്, എംസിഎച്ച് ഓഫീസര്‍ തങ്കമണി, ഡോ. കെ പ്രിയ എന്നിവര്‍ പങ്കെടുത്തു.
ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്‌നേഹലത, ഡോ. ബിന്‍സി ജോസഫ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ജോസഫ് മാത്യു, മുഹമ്മദ് മുസ്തഫ എന്നിവരും ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രിയില്‍ പാപ്പിനിശ്ശേരി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിനാബായി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ. മുഹമ്മദ് ഷിയാസ്, പിഎച്ച്എന്‍ സൂപ്പര്‍വൈസര്‍ ചന്ദ്രലേഖ എന്നിവരും നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: