കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് ദാസ്യവൃത്തിക്കെതിരെ തൊഴിലാളി ഐക്യനിര കെട്ടിപ്പടുക്കണം – എഫ്. ഐ.ടി.യു , അസെറ്റ്

കണ്ണൂർ : കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് ദാസ്യവൃത്തിക്കെതിരെ തൊഴിലാളി ഐക്യനിര കെട്ടിപ്പടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് നയങ്ങൾ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, സംഘ്പരിവാർ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് രാജ്യവ്യാപകമായി നടത്തുന്ന 48 മണിക്കൂർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ എഫ്.ഐ.ടി.യു. – അസെറ്റ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരപ്പകൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ മോദി കർഷകരെയും തൊഴിലാളികളേയും മറന്ന് കോർപ്പറേറ്റുകൾക്കും വൻകിട വ്യവസായികൾക്കും അച്ഛാ ദിൻ ഒരുക്കുകയാണ് ചെയ്തത്. പെട്രോളിന്റേയും ഡീസലിന്റേയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ തന്നെ ഉൽപ്പന്നങ്ങൾക്ക് വിലയില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുന്നു. ഈ വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോർപ്പറേറ്റ് അനുകൂല വർഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള പ്രക്ഷോഭങ്ങളുടെ മുന്നോടിയാണ് 48 മണിക്കൂർ ദേശീയ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡൻറ് എ അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. FITU സംസ്ഥാന സെക്രട്ടറി സാജിദ സജീർ വിഷയാവതരണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡൻറ് ഫൈസൽ മാടായി, ഫെൽഫെയർ പാർട്ടി വനിതാ വിഭാഗം ജില്ല പ്രസിഡന്റ് ലില്ലി ജയിംസ്, അസെറ്റ് ജില്ലാ കൺവീനർ റഹ് നടീച്ചർ , കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം സിനാജുദ്ധീൻ PH, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി മഖ്ബുൽ കെ.എം ,വഴിയോര കച്ചവട ക്ഷേമ സമിതി ജില്ല പ്രസിഡന്റ് ബർണബാസ് ഫെർണാണ്ടസ്, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് ഷാഹിന ലത്തീഫ്, കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ,കർഷക തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് വിജയൻ ചെങ്ങറ, നാഷണൽ സ്പിന്നിംഗ് & വീവിംഗ് മിൽസ് വർക്കേഴ്സ് യൂനിയൻ ജില്ല വൈസ് പ്രസിഡന്റ് സുധീഷ്ണൻ, എഫ്.ഐ.ടി.യു കാറ്ററിംഗ് ആൻറ് ഹോട്ടൽ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വിജയൻ ചേലോറ,എഫ്.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് മനോജ് കുമാർ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പ്രസൂണ പ്രസന്നൻ, റശീദ എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. രാവിലെ കാൽടക്സ് ജംക്ഷനിൽ നിന്നും കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിന് എഫ്.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എൻ.എം ശഫീഖ്,എ.ഹാരിസ്, മുഹ്സിൻ ഇരിക്കൂർ, അബൂബക്കർ എന്നിവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: