48 മണിക്കൂര്‍ പണിമുടക്ക്: ബസ്സുകള്‍ ഓടുന്നില്ല, പൊതുഗതാഗത സംവിധാനം നിലച്ചു, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: റെയില്‍വെ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കുന്നതോടെ സംസ്ഥാനത്ത് ജനജീവിതം തടസ്സപ്പെടും. ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനം രാത്രി തന്നെ നിശ്ചലമായി. 10 മണിയോടെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകളും നിരത്തിലോടില്ല. പെട്രോള്‍ പമ്പുകളും ഇന്ന് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ഉണ്ടാക്കുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കടകള്‍ അടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്ത് വലിയ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം ചാലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍ എന്നിവക്കൊപ്പം ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: