44 തവണകളായി പണയം വച്ചത് അഞ്ചരകിലോ മുക്കുപണ്ടം, തട്ടിയത് ഒന്നരക്കോടിയോളം രൂപ; യുവതി പിടിയില്‍

കോഴിക്കോട്: 44 തവണകളായി പണയം വച്ചത് അഞ്ചരകിലോ മുക്കുപണ്ടം, തട്ടിയത് ഒന്നരക്കോടിയോളം രൂപ. ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച്‌ ഒരുകോടി 69 ലക്ഷത്തി 51000 രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി ബിന്ദുവാണ് അറസ്റ്റിലായത്. യൂണിയന്‍ ബാങ്ക് നഗരത്തിലെ ശാഖയിലാണ് മുക്കുപണ്ട തട്ടിപ്പ് നടന്നത്.

ബ്യൂട്ടി പാര്‍ലര്‍ കൂടാതെ നഗരത്തില്‍ റെയ്‌മെയ്ഡ്, ടൈലറിംഗ് ഷോപ്പ് എന്നിവ നടത്തുന്ന ബിന്ദുവിനെ ടൗണ്‍ പൊലീസാണ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്റെ പേരില്‍ ചിട്ടിത്തട്ടിപ്പിന്റെ പേരിലും വയനാട്ടില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

യൂണിയന്‍ ബാങ്കിലെ ഓഡിറ്റിംഗിനിടയിലാണ് മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്.

സ്വന്തം അക്കൗണ്ടിലും മറ്റുള്ള ഏഴ് പേരുടെ അക്കൗണ്ടുകളിലുമായി 44 തവണ മുക്കുപണ്ടം പണയം വച്ച്‌ ബിന്ദു പണം തട്ടിയതായി ടൗണ്‍ സിഐ എ.ഉമേഷ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബിന്ദുവിന്റെ സ്ഥാപനത്തിലെ ജോലിക്കാരുടെ അക്കൗണ്ടിലും മുക്കുപണ്ടം വച്ച്‌ തട്ടിപ്പ് നടത്തിയതിനാല്‍ അവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ബിന്ദു താമസിക്കുന്ന നടക്കാവിലെ ഫ്‌ളാറ്റിലും ഷോപ്പുകളിലുമായി സൂക്ഷിച്ച മുക്കുപ്പണ്ടവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 44 തവണ മുക്കുപ്പണ്ടം പണയം വച്ചിട്ടും പരിശോധിക്കാത്ത ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നഗരത്തില്‍ ഇത്തരം തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: