കമറുദ്ദീൻ എംഎല്‍എയുടെ അറസ്റ്റിന് ഒരു മാസം; പൂക്കോയ തങ്ങൾ ഒളിവിൽ തന്നെ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിലെ ഒന്നാം പ്രതിയും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ചന്തേര ടി കെ പൂക്കോയ തങ്ങള്‍ മുങ്ങിയിട്ട് ഒരുമാസം. മകനും കേസിലെ പ്രതിയുമായ എ പി ഹിഷാം, മറ്റൊരു പ്രതി ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ തുടങ്ങിയവര്‍ ഇപ്പോഴും ഒളിവില്‍. കഴിഞ്ഞ നവംബര്‍ ഏഴിനാണ് പൂക്കോയ ഒളിവില്‍ പോയത്. അതേസമയം കേസിലെ പ്രധാന പ്രതികളെ പിടികൂടാതെ എം സി കമറുദ്ദീന്‍ എംഎല്‍എയെ മാത്രം തിരക്കിട്ട് അറസ്റ്റ് ചെയ്തതിനു പിന്നില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പാണെന്ന് മുസ്ലീം ലീഗ് ആരോപിക്കുന്നു.
കമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ട് ഒരു മാസം

കമറുദീനെ അറസ്റ്റ് ചെയ്തിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു മാസം തികയുകയാണ്. എംഎല്‍എ എം സി കമറുദ്ദീനിന്റെ അറസ്റ്റിനു പിന്നാലെയാണ് ടി കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. എസ്പി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എം സി കമറുദ്ദീന്‍ പിടിയിലായതോടെ അപകടം മണത്ത തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു. മകന്‍ ഹിഷാമും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീനും നേരത്തെ തന്നെ ഒളിവില്‍ പോയിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ പൂക്കോയ തങ്ങളും മകന്‍ ഹിഷാമും അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി കെ പൂക്കോയ തങ്ങളെ പിടികൂടാന്‍ കഴിയാതെ വന്നതോടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി നിക്ഷേപകരുടെ കൂട്ടായ്മ കാസര്‍കോട് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

എം സി കമറുദ്ദീന്‍ എംഎല്‍എയെ മാത്രം അറസ്റ്റു ചെയ്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് ആക്ഷേപം. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ആക്ഷേപമുണ്ട്. സ്വര്‍ണ വ്യാപാരത്തില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ നടത്തിയ വീഴ്ചകള്‍ കമറുദ്ദീന്റെ അറസ്റ്റിനു വേഗം കൂട്ടിയപ്പോള്‍ ഇടതുമുന്നണിക്ക് ലഭിച്ചത് സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തി വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ ആയുധമായിരുന്നു.

നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമോ?

കേസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാവുമ്പോഴും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്ല. 749 നിക്ഷേപകര്‍ക്ക് 110 കോടി രൂപ കൊടുക്കാനുണ്ടെന്നാണു പറയപ്പെടുന്നത്. നാലു പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച 141 പരാതികളില്‍ 97 കേസുകളിലാണ് കമറുദ്ദീന്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഈ കേസുകളില്‍ മാത്രമായി 15 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. കമറുദ്ദീന്‍ അറസ്റ്റിലായ ശേഷം അന്വേഷണം നിലച്ചത് ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: