ഷഹ്ലയുടെ മരണം: അധ്യാപകരെ തല്ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്

ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് റൂമില്‍ വച്ചു പാമ്പു
കടിയേറ്റു മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്കൂള്‍ അധ്യാപകരെ തൽകാലം അറസ്റ്റ് ചെയ്യില്ലെന്നു പോലീസ് ഇന്നലെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബത്തേരി സര്‍വജന ഹൈസ്കൂള്‍ അധ്യാപകനായ ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. മോഹനന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കുറ്റകൃത്യത്തില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമാക്കി പോലീസ് വിശദമായ സ്റ്റേറ്റ്മെന്റ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിദ്യാര്‍ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താത്തതിനാല്‍ വിചാരണ വേളയില്‍ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞിട്ടാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാതിരുന്നതെന്നു പൊലീസ് അറിയിച്ചു. പാമ്പ് കടിയാണു മരണകാരണമെന്നതിന് ഒട്ടേറെ തെളിവുകളുണ്ടെന്നും വിശദീകരിച്ചു. നവംബര്‍ 20നാണു ഷഹ്ല മരിച്ചത്.