ചെറുകിട വ്യാപാരികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി

ഒന്നര കോടിയില്‍ താഴെ വാര്‍ഷിക വിറ്റു വരവുള്ള ചെറുകിട വ്യാപാരികള്‍ക്കും കടയുടമകള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കുമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരുങ്ങുന്നു. അംഗങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്ബോള്‍ മാസം കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ ലഭിക്കും. ഇതില്‍ അംഗമാകുന്നവരുടെ പ്രതിമാസ വിഹിതം സ്വമേധയാ പദ്ധതിയിലേക്ക് വകമാറ്റപ്പെടുന്നതോടൊപ്പം ഈ വിഹിതത്തിന് തുല്യമായ തുക കേന്ദ്ര സര്‍ക്കാര്‍ വിഹിതമായും അക്കൗണ്ടിലേക്ക് ലഭിക്കും.

18 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള കടയുടമകള്‍, സ്വയംതൊഴില്‍ സംരംഭകര്‍ ഓയില്‍ മില്‍, വര്‍ക്ക് ഷോപ്പ്, അരി മില്ല്, ചെറുകിട ഹോട്ടല്‍ റെസ്റ്റോറന്റ് ഉടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ മറ്റ് ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്ക് ഈ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. ഈ കാലയളവില്‍ പദ്ധതിയില്‍ ചേര്‍ന്ന് 60 വയസ്സ് വരെ തുടര്‍ച്ചയായി ഗുണഭോക്തൃ വിഹിതം ഒടുക്കുന്നവര്‍ക്ക് മാത്രമേ 60 വയസ്സിനു ശേഷം പെന്‍ഷനും ഗുണഭോക്താവ് മരണപ്പെട്ടാല്‍ പങ്കാളിക്ക് കുടുംബ പെന്‍ഷനും ലഭിക്കൂ.

ആധാര്‍ കാര്‍ഡും സേവിങ്സ് ബാങ്ക് അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് വിവരങ്ങളുമായി അക്ഷയ പോലുള്ള പൊതു ജന സേവന കേന്ദ്രങ്ങളെയോ https : //maandhan.in /vyapari എന്ന വെബ്സൈറ്റ് മുഖേനയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. സ്വയം സാക്ഷ്യപ്പെടുത്തിയ വിശദാംശങ്ങള്‍ നല്‍കണം. ഈ വിവരങ്ങള്‍ വെബ്സൈറ്റ് സംവിധാനം പരിശോധിച്ച്‌ പ്രതിമാസം ഒടുക്കേണ്ട വിഹിതം എത്രയെന്ന് ഗുണഭോക്താവിനെ അറിയിക്കും. ആദ്യ ഗഡു പണമായി നല്‍കണം. രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് ഫോറം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം. ശ്രംയോഗി മാന്‍ധന്‍ അക്കൗണ്ട് നമ്ബറും പെന്‍ഷന്‍ കാര്‍ഡും ലഭിച്ചാല്‍ തൊട്ടടുത്ത മാസം മുതല്‍ ഗുണഭോക്താവിന്റെ പദ്ധതി വിഹിതം ജന്‍ധന്‍ അക്കൗണ്ടിക നിന്നും അടവാകും.

തുടര്‍ച്ചയായി പദ്ധതി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തുന്നയാള്‍ക്ക് അത് വരെയുള്ള കുടിശ്ശിക തുകയും അതിനുള്ള പിഴ സംഖ്യയും അടച്ച്‌ പദ്ധതിയില്‍ തുടരാം. സംഘടിത മേഖലയിലെ ഇ പി എഫ്, ഇ എസ് ഐ അംഗത്വമുള്ള വ്യാപാരികള്‍, സര്‍ക്കാര്‍ ധന സഹായത്തോടെ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമായവര്‍, പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജനയില്‍ അംഗമായവര്‍, ഇന്‍കം ടാക്സ ഒടുക്കുന്നവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: