തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു

കല്യാശ്ശേരി: ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണി ഉയർത്തി തെരുവുനായക്കൂട്ടങ്ങൾ സ്വൈരവിഹാരം നടത്തുന്നു. തെരുവുനായക്കൂട്ടങ്ങൾ കല്യാശ്ശേരി കോലത്തുവയൽ ഇടപ്പള്ളി റോഡിന് സമീപത്തെ ടി.യു. വസന്തയുടെ വീട്ടിന് പരിസരത്തെ ആടിനെ കടിച്ചുകൊന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മറ്റ് ആടുകളെയും നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നായ്ക്കൾ ഓടിരക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് പ്രഭാതസവാരി പലരും ഒഴിവാക്കി.
പാപ്പിനിശ്ശേരിയിലും നായ്ക്കളുടെ ആക്രമങ്ങളെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. മൂന്ന് ദിവസം മുൻപ് പാപ്പിനിശ്ശേരിയിലും തെരുവുനായ്ക്കൾ ആക്രമണം നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥിക്കും തൊഴിലാളിക്കും നായയുടെ കടിയേറ്റു.