കതിരൂർ കൃഷി ഓഫീസറെ നിയമിക്കും-മന്ത്രി പി. പ്രസാദ്

പൊന്ന്യം : വർഷങ്ങളായി കൃഷി ഓഫീസറും സ്ഥിരം ഉദ്യോഗസ്ഥരുമില്ലാത്ത കതിരൂർ കൃഷിഭവനിൽ ഡിസംബറോടെ കൃഷി ഓഫീസർ അടക്കമുള്ളവരെ നിയമിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പൊന്ന്യത്തെ വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി കർഷകമിത്രം രണ്ടാം ഘട്ട കൃഷി മുല്ലോളി വയലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. 64 തവണ രക്തദാനം ചെയ്ത പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംലയെ ചടങ്ങിൽ ആദരിച്ചു. കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി. രാജ്, ജസിത, കെ. ദിപിൻ, കെ. സുഗീഷ്, വി.എം. വിജേഷ്, ടി. ഷിബിൻ എന്നിവർ സംസാരിച്ചു.