ട്രംപ് പുറത്ത്; ജോ ബൈഡന്‍ യു.എസ്. പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡൻ സ്ഥാനമേൽക്കുന്നത്.

ഇരുപത് ഇലക്ടറൽ കോളേജ് വോട്ടുകളുള്ള പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് ബൈഡന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര സുഗമമായത്.

ചില സംസ്ഥാനങ്ങളിൽ ഇപ്പോളും വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ കേവല ഭൂരിപക്ഷം ബൈഡൻ നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 270 ഇലക്ടറൽ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ബൈഡൻ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.

നെവാഡ, അരിസോണ, ജോർജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടരുകയാണ്. അതേസമയം ഡൊണാൾഡ് ട്രംപ് ഉടൻ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

വോട്ടെണ്ണൽ തുടങ്ങി ആദ്യഫലം വന്നപ്പോൾതന്നെ ഡൊണാൾഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്ന് ബൈഡന്റെ ലീഡ് ഉയർന്നപ്പോൾ, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന് 214 വോട്ടുകൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം.

അമേരിക്കയുടെ പ്രസിഡന്റ് പദത്തിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡൻ. ബരാക്ക് ഒബാമ സർക്കാരിൽ എട്ടുവർഷം ബൈഡൻ വൈസ് പ്രസിഡന്റായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: