പാർക്കിങ് സൗകര്യമില്ല; ഗതാഗതക്കുരുക്കിൽ കാടാച്ചിറ ടൗൺകാടാച്ചിറ: വാഹനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യമില്ലാത്തത് കാടാച്ചിറ ടൗണിൽ ഗതാഗതക്കുരുക്കിനിടയാക്കുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് താഴെചൊവ്വ-കൂത്തുപറമ്പ് റോഡിലൂടെ കാടാച്ചിറ വഴി പോകുന്നത്. എന്നാൽ പാർക്കിങ് സൗകര്യമില്ലാത്തതും റോഡിന്റെ വിതിക്കുറവും വാഹന ഗതാഗതത്തിന് തടസ്സമാകുന്നു. രണ്ട് ബസ്സുകൾക്ക് കഷ്ടിച്ചുപോകാനുള്ള സൗകര്യം മാത്രമേ കാടാച്ചിറ ഡോക്ടർമുക്കിലെ റോഡിനുള്ളൂ. അരയാൽത്തറ, മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സ്ഥലം പോലുമില്ല.  വൈകുന്നേരങ്ങളിൽ മീൻമാർക്കറ്റിന് സമീപത്ത് വാഹനങ്ങളുടെ തിരക്കാണ്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിനിടയാക്കുന്നു. റോഡരികിൽ സ്വകാര്യവ്യക്തിയുടെ തെങ്ങുകളുമുണ്ട്. ഇത് അക്വയർ ചെയ്യാനുള്ള നടപടികളൊന്നും റോഡ് അധികൃതർ ഇതുവരെയായി എടുത്തിട്ടില്ല. ഇവിടെ പുതുതായി തെങ്ങുകൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് റോഡരികിലാണ്. കടമ്പൂർ റോഡരികിലും ഇവ നിർത്തിയിടേണ്ടിവരുന്നു. ഇവർക്ക് പാർക്കിങ്ങിന് വേറെ സ്ഥലമില്ല. അൻപതിലധികം ഓട്ടോറിക്ഷകൾ ഇവിടെനിന്ന് ഓടുന്നുണ്ട്. കാൽനടയാത്രക്കാർ ടൗണിലൂടെ ഭയപ്പാടോടെയാണ് നടക്കുന്നത്.   മുമ്പ് ഒരു കാൽനടയാത്രക്കാരി ബസ് തട്ടി മരിച്ചിരുന്നു. റോഡിന്റെ ഒരുഭാഗത്ത് ഇപ്പോൾ നടപ്പാതയില്ല. നിരവധി യാത്രക്കാർ ബസ് കയറുന്ന ബസ് സ്റ്റോപ്പും ഇവിടെയാണ്. ആളുകൾക്ക്് കയറി നിൽക്കാൻ ഒരു നല്ല ബസ് കാത്തിരിപ്പുകേന്ദ്രം പോലും നിർമിക്കാൻ സ്ഥലമില്ല. യാത്രക്കാർ  റോഡിലും കടകളുടെ വരാന്തകളിലുമാണ് നിൽക്കുന്നത്. ഇവിടെ നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്.  നടാൽ വഴി ലോറിഗതാഗതം നിരോധിക്കുമ്പോൾ ചരക്കുലോറികൾ പോകുന്നത് ഇതിലൂടെയാണ്. ഇടയ്ക്കിടെ ലോറികൾ ഇതിലൂടെ ഓടുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. കണ്ണൂർ ഭാഗത്തേക്കും കൂത്തുപറമ്പ് ഭാഗത്തേക്കും പോകുന്ന ബസ്സുകൾ ആളെ കയറ്റുന്നതും ഇറക്കുന്നതും ഇവിടെയാണ്. രണ്ടുഭാഗത്തേക്കും പോകുന്ന ബസ്സുകൾ നിർത്തിയിട്ടാൽ ഗതാഗതം സ്തംഭിക്കും. അഞ്ചുവർഷം മുമ്പ് കേന്ദ്രഫണ്ടുപയോഗിച്ച് റോഡ് നവീകരിച്ചപ്പോൾ റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങളൊന്നും നടന്നില്ല. റോഡ് വീതി കൂട്ടുക മാത്രമാണ് ഗതാഗതക്കുരുക്കിന് പരിഹാരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: