തളിപ്പറമ്പ് സബ് റജിസ്ട്രാര്‍ ഓഫീസിലെ അഴിമതിക്കെതിരെ ഒറ്റയാള്‍പോരാട്ടവുമായി ആധാരമെഴുത്തുകാരി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സബ് റജിസ്ട്രാര്‍ ഓഫീസിലെ കൈക്കൂലിക്കും അഴിമതിക്കുമെതിരെ ഒറ്റയാള്‍പോരാട്ടവുമായി ആധാരമെഴുത്തുകാരി രംഗത്ത്.

ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗവും തളിപ്പറമ്പിലെ ആധാരമെഴുത്തുകാരിയുമായ ഗീത ഇളമ്പിലാനാണ് സ്വന്തം ഓഫീസില്‍ ബോര്‍ഡ് സ്ഥാപിച്ച് പോരിനിറങ്ങിയിരിക്കുന്നത്.

അഴിമതിക്കും കൈക്കൂലിക്കും പേരുകേട്ട രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാറിലേക്ക് മാത്രം ഫീസടച്ചാല്‍ പോരാ തങ്ങള്‍ക്കും ‘ഫീസ് വേണം’ എന്ന ഉദ്യോഗസ്ഥരുടെ കണ്ണുരുട്ടലിന് മുന്നില്‍ പാവം ജനം വഴങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു.

പരസ്യമായി കൈക്കൂലിനടക്കുന്ന വകുപ്പ് എന്ന നിലയില്‍ ഈ രംഗത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ അഴിമതി വിരുദ്ധ നീക്കവും ഉദ്യോഗസ്ഥര്‍ പൊളിച്ച് കയ്യില്‍ കൊടുത്തിരുന്നു. വിജിലന്‍സിന്റെ ശല്യം രൂക്ഷമായപ്പോഴാണ് വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പുതിയ മാര്‍ഗം തേടിയത്. രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ ആധാരമെഴുതുന്ന ആധാരമെഴുത്തുകാര്‍ എഴുത്ത്കൂലിക്കൊപ്പം നിശ്ചിത ശതമാനം തുക കക്ഷികളില്‍ നിന്ന് അധികമായി വാങ്ങി അത് ഓഫീസ് സമയം കഴിഞ്ഞ ശേഷം രജിസ്ട്രാര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും എത്തിക്കുക എന്നതായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയിലെ നാട്ടുനടപ്പ്.

ഇതിന് വഴങ്ങാത്ത ആധാരമെഴുത്തുകാര്‍ അനുഭവിക്കേണ്ടി വന്നിരുന്ന തിരിച്ചടി ഭീകരമാണെന്നതിനാല്‍ ഉപജീവനം എന്ന നിലയില്‍ ഭൂരിപക്ഷത്തിനും ഇതിനോട് വഴങ്ങേണ്ടി വന്നിരുന്നു. രജിസ്‌ട്രേഷന്‍ രംഗത്തെ കൊടിയ അഴിമതിയെപ്പറ്റി നന്നായി മനസിലാക്കി തന്നെയാണ് കക്ഷികള്‍ക്ക് സ്വയം ആധാരമെഴുതി രജിസ്‌ട്രേഷന്‍ നടത്താമെന്ന നിയമം പോലും അടുത്തിടെ സര്‍ക്കാര്‍ കൊണ്ടുവന്നത്.

അതോടൊപ്പം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയും ആധാരമെഴുത്തുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി രംഗത്തുവന്നതോടെ പല ആധാരമെഴുത്തുകാരും കക്ഷികളെ പിഴിഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് പണം എത്തിക്കുന്ന പരിപാടിയോട് വിടപറയാന്‍ മാനസികമായി തയ്യാറെടുത്ത് വരികയായിരുന്നു. തളിപ്പറമ്പില്‍ നടന്ന ആധാരമെഴുത്തുകാരുടെ ജില്ലാ സമ്മേളനത്തില്‍ അവസരം ചോദിച്ചുവാങ്ങി വിജിലന്‍സ് ഡിവൈഎസ്പി പ്രദീപ്കുമാര്‍ നടത്തിയ ബോധവല്‍ക്കരണക്ലാസാണ് ഗീത ഇളമ്പിലാന് വഴികാട്ടിയായത്.

കക്ഷികളില്‍ നിന്ന് പണം അധികമായി വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കുന്നത് നിര്‍ത്താന്‍ മാനസികമായി കരുത്ത് നേടിയ ഗീതയെ പലതരത്തില്‍ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ ശ്രമിച്ചതോടെയാണ് ഓഫീസില്‍ ബോര്‍ഡ് സ്ഥാപിച്ച് താന്‍ പ്രതികരിക്കുമെന്ന് ഗീത ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പറഞ്ഞത്. പറയുകമാത്രമല്ല കഴിഞ്ഞ ദിവസം ഇവര്‍ സ്വന്തം ഓഫീസില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരിക്കയാണ്.

ഈ ഓഫീസില്‍ നിന്നും സബ്ബ് റജിസ്ട്രാഫീസിലേക്ക് വേണ്ടി കൈക്കൂലിയോ മറ്റ് പാരിതോഷികങ്ങളോ സ്വീകരിക്കുന്നതല്ല—എന്ന ബോര്‍ഡിനോടൊപ്പം കക്ഷികള്‍ നല്‍കേണ്ട എഴുത്ത്കൂലി ഇത്രമാത്രമാണെന്ന അറിയിപ്പും ഇവര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ആ നിരക്കിനപ്പുറം ഒരുരൂപ പോലും അധികം ഈടാക്കുകയുമില്ല.

ബോര്‍ഡ് വന്നതോടെ ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും, എന്നാല്‍ പണി മതിയാക്കി വീട്ടിലിരിക്കേണ്ടി നന്നാലും ഇനി പണം പിരിച്ചുനല്‍കില്ലെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് ഗീത ഇളമ്പിലാന്‍. സര്‍ക്കാര്‍ അംഗീകരിച്ച യഥാര്‍ത്ഥ എഴുത്തുകൂലി ആധാരമെഴുത്ത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തന്നെ അഴിമതി വലിയൊരളവോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.

ആന്റി കറപ്ഷന്‍ സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് അജിത്കുമാറും എല്ലാ പിന്തുണയുമായി ഗീതയോടൊപ്പമുണ്ട്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് കൈക്കൂലിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ച് ആധാരമെഴുത്തുകാരി ഉഗ്രപ്രതാപികളായ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാരെ വെല്ലുവിളിക്കുന്നത് എന്നതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണമെന്നാണ് അഴിമതി വിരുദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: