ക്ഷേത്രകലാ അക്കാദമി പുരസ്‌കാര വിതരണവും കലാസംഗമവും 10ന് മണ്ടൂരിൽ

ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്‌കാര വിതരണവും ക്ഷേത്രകലാസംഗമവും ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് പഴയങ്ങാടി മണ്ടൂരിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗമായ എം വിജിൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ ടി വി രാജേഷ് എന്നിവർ മുഖ്യാതിഥികളാകും.

ക്ഷേത്രകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് രാവിലെ ഒമ്പത് മുതൽ രാത്രി വരെ നീളുന്ന വിപുലമായ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് കൈലാസ് സന്തോഷിന്റെ സോപാന സംഗീതത്തോടെ തുടക്കമാവും. ക്ഷേത്രകലാ അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളവും ഗുരുവായൂർ ദേവസ്വത്തിന്റെ കൃഷ്ണനാട്ടവും പരിപാടിയ്ക്ക് മാറ്റ് കൂട്ടും. കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് അവതരിപ്പിക്കുന്നത് അപൂർവ്വമാണ്. ചെറുതാഴം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, കുമ്പള പാർത്ഥി സുബ്ബ യക്ഷഗാന കലാക്ഷേത്രയുടെ യക്ഷഗാനം, എളവൂർ അനിലും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 

ക്ഷേത്രകലാ അക്കാദമി വിദ്യാർഥികളുടെ ഓട്ടൻതുള്ളൽ, നൃത്ത സംഗീതിക എന്നിവയും അരങ്ങേറും.2021ലെ ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പെരുവനം കുട്ടൻ മാരാരും ക്ഷേത്രകലാ ഫെലോഷിപ്പിന് നാട്യാചാര്യ ഗുരു എൻ വി കൃഷ്ണനുമാണ് അർഹരായത്. ഇതോടൊപ്പം കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 23 കലാകാരൻമാർക്ക് ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് യുവപ്രതിഭാ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങൾക്ക് 7500 രൂപയുമാണ് സമ്മാനത്തുക. പ്രശസ്തി പത്രവും ശിൽപവും നൽകും.കണ്ണൂർ പി ആർ ഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ എച്ച് സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണസമിതി അംഗം ചെറുതാഴം ചന്ദ്രൻ, സംഘാടകസമിതി ചെയർമാൻ കെ പത്മനാഭൻ, എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: