ലഹരി മോഹിക്കുന്ന ഓരോ വ്യക്തിയും മരണത്തെ വരിക്കുന്നു: ഇബ്രാഹിം വെങ്ങരമദ്യവും മയക്കുമരുന്നും മോഹിക്കുന്ന ഓരോ വ്യക്തിയും മരണത്തെ വരിക്കുകയാണെന്ന് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ പള്ളിക്കുന്ന് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാക്കി വിദ്യാർഥികളെ വലയിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനായി ജന്മമെടുത്താലും മൃഗത്തിന്റെ സ്വഭാവമാണ് ലഹരി ഉപയോഗത്തിലൂടെ കൈവരുന്നത്. ഗാന്ധിജി നമ്മുടെ നാടിനെക്കുറിച്ച് കണ്ട സ്വാതന്ത്ര്യ സ്വപ്നം യാഥാർഥ്യമായോ എന്ന് പുതുതലമുറ ചിന്തിക്കേണ്ടതുണ്ട്. 80 ശതമാനം വരുന്ന ദരിദ്രർക്കാണോ 20 ശതമാനം വരുന്ന ധനികർക്കാണോ ഇന്ത്യയുടെ സ്വാതന്ത്ര്യം ഗുണം ചെയ്തത് എന്ന ചങ്ങാതിയുടെ ചോദ്യമാണ് ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും പഠിക്കാൻ ഇടയാക്കിയത്. ഹിന്ദുസ്ഥാൻ എന്ന നാടകവും പുസ്തകവുമാണ് അതിന്റെ ഫലമായി ഉണ്ടായത്-ഇബ്രാഹിം വെങ്ങര പറഞ്ഞു.കാമ്പയിൻ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. വിമുക്തി എന്നതിനെ ജീവിത സന്ദർഭമായും ആചാരമായും കണ്ട് ജീവിച്ചാൽ മാത്രമേ നമ്മുടെ തലമുറ രക്ഷപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് മാഫിയ സൃഷ്ടിക്കുന്ന ഭയവിഹ്വലമായ സാഹചര്യത്തിൽ ജീവിക്കേണ്ട സ്ഥിതിയിലാണ് ഈ തലമുറയെന്നും ലഹരി വിമുക്ത സമൂഹമുണ്ടായാലേ രാജ്യം രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി സ്മൃതി ഫോട്ടോ പ്രദർശനവും ലഹരി വിരുദ്ധ ബോധവത്കരണ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ ‘ലഹരിവിമുക്ത കേരളം’ കാമ്പയിന്റെ ജില്ലാതല പോസ്റ്റർ  പ്രകാശനവും ചടങ്ങിൽ നടന്നു. കാമ്പയിന്റെ ഭാഗമായി സ്‌കൂൾ എൻഎസ്എസ് യൂനിറ്റ് ഒരുക്കിയ ‘ജീവിതം തന്നെ ലഹരി’ ഒപ്പുമരം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു.കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വിശിഷ്ടാതിഥിയായി. ‘ഉണർന്നിരിക്കട്ടെ കൗമാരം’ എന്ന വിഷയത്തിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തി എസ് ബാബു, ‘കരുതലേകാം, കാവലാളാകാം’ എന്ന വിഷയത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ എന്നിവർ ക്ലാസെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, എ ഇ ഒ വിനോദ് മാസ്റ്റർ, എക്‌സൈസ് അസി. കമ്മീഷണർ ടി രാഗേഷ്, സ്‌കൂൾ പ്രിൻസിപ്പൽ യൂസഫ് ചന്ദ്രങ്കണ്ടി, ഹെഡ്മാസ്റ്റർ പി വി രാജീവൻ, പി ടി എ പ്രസിഡണ്ട് മധുസൂദനൻ, മദർ പി ടി എ പ്രസിഡണ്ട് പ്രേമ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസവകുപ്പ്, പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ് സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: