പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 247 അധ്യാപക തസ്തികകളും 521 നഴ്സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളജിലെ പഠനത്തിനും ചികിത്സയ്ക്കും ഇതേറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ മെഡിക്കല്‍ കോളജിനെ മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. 5.5 കോടി രൂപ ചെലവഴിച്ച് നൂതന കാത്ത്ലാബ് സജ്ജമാക്കി വരുന്നു. മെഡിക്കല്‍ കോളജിലുള്ള രണ്ട് കാത്ത് ലാബുകള്‍ക്ക് പുറമേയാണ് പുതിയ നൂതന കാത്ത്ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത്ലാബ് പ്രൊസീജിയറാണ് ഇതുവരെ ഇവിടെ നടത്തിയിട്ടുള്ളത്. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം കാത്ത്ലാബ് പ്രൊസീജിയര്‍ നടത്തിയ ആശുപത്രികളില്‍ ഇന്ത്യയില്‍ നാലാമത്തേയും കേരളത്തില്‍ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിനുള്ളത്. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ 11 തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ ഈ തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി തുകയനുവദിക്കുന്നതിന് പ്രൊപ്പാസല്‍ നല്‍കി നടപടി സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: