ശബരിമല: ഒരു ദിവസം 1000 പേര്‍ക്ക് മാത്രം ദർശ്ശനം; വിദഗ്ധ സമിതി നിര്‍ദേശം സമര്‍പ്പിച്ചു

കോവി‍ഡ് കാലത്ത് ശബരിമല ദര്‍ശനത്തിനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 10 നും 60 നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കാനന പാതവഴി സഞ്ചാരം അനുവദിക്കില്ല. ഒരു ദിവസം 1000 പേര്‍ മാത്രം തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചിരിക്കുന്നത്.

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഒരുദിവസം പരമാവധി 1000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവു. എന്നാല്‍ ശനി, ഞായര്‍ ദിനങ്ങളില്‍ അത് പരമാവധി 2000 പേര്‍വരെയാകാം. മാത്രമല്ല മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമെ ദര്‍ശനത്തിന് അനുവദിക്കാവു. 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് തുടര്‍ന്ന് കിട്ടിയ രേഖയുമായി വരുന്നവര്‍ക്ക് എൻട്രി പോയിന്റായ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയുണ്ടാകും.

ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടു. എരുമേലി, പുല്ലുമേട് എന്നിവ വഴിയുള്ള പരമ്പരാഗത കാനന പാതയില്‍ കൂടി യാത്ര അനുവദിക്കില്ല. പമ്പയിലൊ സന്നിധാനത്തോ തങ്ങാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ല. ആടിയ ശിഷ്ടം നെയ് വിതരണം ചെയ്യാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും.

ഇതുകൂടാതെ തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കാമെന്നും വിദഗ്ധസമിതി നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് അനുകൂലിക്കുന്നില്ല. തന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകു.

10 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാകും പ്രവേശനമുണ്ടാകുക. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. വിദഗ്ധ സമിതി തീരുമാനത്തില്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: