പരീക്ഷാ ഹാളുകളില്‍ വാച്ചും ആഭരണവും നിരോധിച്ച്‌ ആരോഗ്യ സര്‍വകലാശാല

തിരുവനന്തപുരം: പരീക്ഷാഹാളുകളില്‍ വാച്ചിനും ആഭരണങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനം. എം.ബി.ബി.എസ്. അടക്കം സര്‍വകലാശാല നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും ഇതു ബാധകമാക്കും. അടുത്ത പരീക്ഷമുതല്‍ നടപടി കര്‍ശനമായി പാലിക്കാന്‍ കോളേജുകള്‍ക്കു നിര്‍ദേശം നല്‍കും.
മെഡിക്കല്‍ കോളേജുകളില്‍ കൂട്ടക്കോപ്പിയടി നടന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. പരീക്ഷകളില്‍ ഹൈടെക് കോപ്പിയടിക്കു സാധ്യത കൂടിയിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സര്‍വകലാശാലാ പരീക്ഷാബോര്‍ഡ് ശുപാര്‍ശ നല്‍കിയിരുന്നു.
കോപ്പിയടിക്കു പിടികൂടുന്ന വിദ്യാര്‍ഥികളെ രണ്ടുതവണത്തേക്കു പരീക്ഷയില്‍നിന്നു വിലക്കാനും കോളേജുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനും സര്‍വകലാശാലയ്ക്കു കഴിയും.
ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളടക്കം ആറിടത്ത് കോപ്പിയടി നടന്നുവെന്നാണ് പരീക്ഷാഹാളുകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.യു.ടി., വര്‍ക്കല എസ്.ആര്‍., കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എം.ഇ.എസ്. എന്നിവയാണ് കോപ്പിയടി നടന്ന സ്വാശ്രയ കോളേജുകള്‍.
പരസ്പരം ചോദിച്ചും കോപ്പിയടിച്ചും വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതായിരുന്നു ദൃശ്യങ്ങളില്‍. തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളോടു വിശദീകരണം തേടിയശേഷം നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പരീക്ഷ എഴുതിയതിന് നേരത്തേ ചില കോളേജുകളില്‍നിന്നു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു.
എല്ലാ കോളേജുകളിലെയും പരീക്ഷാഹാളുകളിലെ ദൃശ്യങ്ങള്‍ സര്‍വകലാശാല പരിശോധിക്കുന്നില്ലെന്നു ചില വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ;

* പരീക്ഷാഹാളില്‍ കോളേജുകള്‍ തന്നെ ക്ലോക്ക് സ്ഥാപിക്കണം

* ഇന്‍സ്ട്രുമെന്റ് ബോക്‌സും വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ഹാളില്‍ അനുവദിക്കില്ല

* ബോള്‍പോയന്റ് പേനമാത്രം അനുവദിക്കും. കഴിയുന്നതും കോളേജുകള്‍തന്നെ പേന വാങ്ങിനല്‍കണം

* വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന കുടിവെള്ളക്കുപ്പി അനുവദിക്കില്ല

* വിദ്യാര്‍ഥികളുടെ ദേഹപരിശോധന നടത്തണമെന്നു ശുപാര്‍ശയുണ്ടെങ്കിലും ഇപ്പോള്‍ വേണ്ടെന്നാണു തീരുമാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: