കണ്ണവം പോലീസിന്റെ ക്യാമറകൾ കണ്ണടച്ചു

ചിറ്റാരിപ്പറമ്പ്: കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനകീയ സഹകരണത്തോടെ ഒരുവർഷം മുൻപ്‌ പോലീസ് സ്ഥാപിച്ച നൂറ് ക്യാമറകളിൽ പകുതിയും പ്രവർത്തനരഹിതമായി. സ്റ്റേഷൻ പരിധിയിൽപ്പെട്ട പൊതുസ്ഥലങ്ങളിൽ 100 ക്യാമറകൾ സ്ഥാപിച്ച ജില്ലയിലെ ആദ്യ സ്റ്റേഷനായിരുന്നു കണ്ണവം. രാഷ്ടീയ അക്രമസംഭവങ്ങളും കൊടിപറിക്കലും സ്റ്റേഷൻപരിധിയിൽ വ്യാപകമായപ്പോൾ അന്നത്തെ സ്റ്റേഷൻ എസ്.ഐ. കെ.വി.ഗണേശനാണ് ജനകീയ സഹകരണത്തോടെ സ്റ്റേഷൻ പരിധിയിൽ 100 ക്യാമറകൾ സ്ഥാപിച്ചത്. സ്റ്റേഷൻ പരിധിയിൽപ്പെട്ട ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലും ക്യാമറകൾ സ്ഥാപിച്ചിരുന്നു.
കണ്ണവം പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച മോണിട്ടറിലായിരുന്നു ക്യാമറകളിലെ ദൃശ്യം കണ്ടിരുന്നത്. അക്രമസംഭവങ്ങൾ നടക്കുമ്പോൾ പോലീസിന് പെട്ടെന്ന് സ്ഥലത്ത് എത്തിച്ചേരാനും കഴിഞ്ഞിരുന്നു. ക്യാമറ സ്ഥാപിച്ചതോടെ സ്റ്റേഷൻ പരിധിയിലെ അക്രമസംഭവങ്ങളും കുറഞ്ഞിരുന്നു. മാസങ്ങളായി ക്യാമറകൾ പലതും പ്രവർത്തിക്കാതായതോടെ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ക്യാമറകൾകൊണ്ട് പ്രയോജനമില്ലാതായി.കേബിൾ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് ക്യാമറ നെറ്റ് വർക്ക് പ്രവർത്തിക്കുന്നതെന്നും കേബിൾ തകരാറാണ് ക്യാമറകൾ പ്രവർത്തിക്കാതിരിക്കാൻ കാരണമെന്നും തകരാർ തകരാർ ഉടൻ പരിഹരിക്കുമെന്നും സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രശോഭ്‌കുമാർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: