കണ്ണൂർ വിമാനത്താവളം; സുഗമയാത്രക്ക്‌ നാലുവരിപ്പാത

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മൂന്നുറോഡുകളുടെ നിർമാണത്തിനുള്ള വിശദപദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കാൻ കേരള റോഡ‌് ഫണ്ട‌് ബോർഡ‌് കൺസൾടന്റിനെ നിയമിച്ചു. തലശേരി–-മട്ടന്നൂർ, കുറ്റ്യാടി–-മട്ടന്നൂർ, മാനന്തവാടി–-മട്ടന്നൂർ നാലുവരിപാതയുടെ സ്ഥലമെടുപ്പ‌ിനും നിർമാണത്തിനുമുള്ള വിശദ പ്രൊജ‌ക്ട്‌ റിപ്പോർട്ടാണ‌് തയാറാക്കുന്നത‌്. മൂന്നുറോഡുകളുടെയും അലൈൻമെന്റ‌് നിശ‌്ചയിക്കുന്നതിനുള്ള ആദ്യ സർവെ പൂർത്തിയായി. തലശേരി–-മട്ടന്നൂർ, കുറ്റ്യാടി–-മട്ടന്നൂർ റോഡുകളുടെ സർവേയുമായി ബന്ധപ്പെട്ട‌് തയാറാക്കിയ കരട‌് അലൈൻമെന്റ‌് പ്രദർശിപ്പിച്ചുള്ള പ്രാഥമിക ചർച്ചയും നടന്നു. വീടുകളും കെട്ടിടങ്ങളും പരമാവധി സംരക്ഷിച്ചാണ‌് പുതിയപാത നിർമിക്കുക.
ബോയ്‌സ്‌ ടൗണിൽ ചുരം വികസിപ്പിക്കും;
മാനന്തവാടി –-ബോയ‌്സ‌് ടൗൺ–-കേളകം–-പേരാവൂർ–-മാലൂർ––ശിവപുരം, മട്ടന്നൂർ റോഡിന്റെ കരട‌് അലൈൻമെന്റ‌് പ്രദർശനം ഒമ്പതിന‌് രാവിലെ 10.30ന‌് കലക്ടറേറ്റിൽ നടക്കും. ജനപ്രതിനിധികൾ, അംഗീകൃത രാഷ‌്ട്രീയപാർടി പ്രതിനിധികൾ എന്നിവർക്ക‌് മുന്നിലാണ‌് പ്രദർശിപ്പിക്കുക. തുടർന്ന‌് റോഡിന്റെ ടോപ്പോ ഗ്രാഫിക‌് സർവെ നടത്തും. 63.50 കിലോമീറ്ററാണ‌് മാനന്തവാടി മുതൽ വിമാനത്താവളംവരെയുള്ള റോഡിന്റെ നീളം. ബോയ‌്സ‌് ടൗണിൽ നിലവിലുള്ള ചുരം വികസിപ്പിച്ച‌് സഞ്ചാരം സുഗമമാക്കും. ശിവപുരം, കേളകം, പേരാവൂർ ടൗൺ എന്നിവിടങ്ങളിൽ ബൈപാസ‌് നിർദേശവുമുണ്ട‌്.
തലശേരി പാതയിൽ 3 പാലങ്ങൾ; തലശേരിയിൽനിന്ന‌് -വിമാനത്താവളത്തിലേക്ക്‌ കൊടുവള്ളി–-പിണറായി–-മമ്പറം അഞ്ചരക്കണ്ടി വഴിയാണ‌് പാത. 24.5 കിലോമീറ്റർ നീളത്തിൽ 24 മീറ്റർ വീതിയിലാണ‌് റോഡ‌് നിർമിക്കുക. തലശേരി–-മാഹി ബൈപാസിൽ ബാലത്തിൽനിന്നാണ‌് നാലുവരിപ്പാത തുടങ്ങുക. ചേക്കൂപ്പാലം, ചാമ്പാ‌ട‌്, കീഴല്ലൂർ എന്നിവിടങ്ങളിൽ പുതിയപാലം പണിയും.
കുറ്റ്യാടി പാതയിൽ ബൈപാസിന്‌ പഠനം;
കുറ്റ്യാടിയിൽ നിന്ന‌് നാദാപുരം–-പെരിങ്ങത്തൂർ, പൂക്കോട‌്, കൂത്തുപറമ്പ‌് വഴി വിമാനത്താവളത്തിലേക്കുള്ള റോഡും രാജപാതയാകും. 53.15 കിലോമീറ്ററാണ‌് നീളം. കുറ്റ്യാടി മുതൽ പെരിങ്ങത്തൂർ വരെ 23.29 കിലോമീറ്റർ കോഴിക്കോട‌് റോഡ‌്സ‌് ഡിവിഷന്റെയും പെരിങ്ങത്തൂർ മുതലുള്ള 29.86 കിലോമീറ്റർ തലശേരി ഡിവിഷന്റെയും കീഴിലാണ‌്. മേക്കുന്നിലെ വളവും വികസനത്തിന്റെ ഭാഗമായി നേരെയാക്കും.
പെരിങ്ങത്തൂർ, പാത്തിപാലം, മെരുവമ്പായി, കരേറ്റ എന്നിവിടങ്ങളിൽ പുതിയപാലവും പണിയും. പാനൂർ ടൗണിനെ ഒഴിവാക്കി ബൈപാസ‌് നിർമിക്കാനും പഠനം നടത്തും. റോഡിന്റെ അലൈൻമെന്റ‌് അംഗീകരിക്കുന്നതിനൊപ്പം ഡിപിആറും തയാറാക്കിയാൽ ടെൻഡർ നടപടികളിലേക്ക‌് നീങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: