1.28 കോടി ചിലവിൽ തലശ്ശേരിയിൽ നഗരസഭയുടെ വാതകശ്മശാനം നിർമ്മാണം പൂർത്തിയാവുന്നു.

തലശ്ശേരി : തലശ്ശേരി നഗരസഭയുടെ വാതകശ്മശാനം നിർമാണം പൂർത്തിയാവുന്നു.. വെള്ളം, വൈദ്യുതി എന്നിവയുടെ പ്രവൃത്തി പൂർത്തിയായി. ഇനി ചേമ്പർ കൂടി സ്ഥാപിച്ചാൽ പ്രവർത്തനം തുടങ്ങാൻ കഴിയും ആലുവയിൽനിന്നുള്ള സ്ഥാപനത്തിനാണ് ഇതിന്റെ കരാർ നൽകിയത്.

ചിറക്കര കണ്ടിക്കലിൽ നഗരസഭയുടെ ശ്മശാനത്തിൽ തന്നെയാണ് നിദ്രാതീരം എന്ന വാതക ശ്മശാനം നിർമിച്ചിട്ടുള്ളത്. ഇപ്പോൾ ഇവിടെ പരമ്പരാഗത രീതിയിലാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. വാതകശ്മശാനം വരുന്നതോടെ ഇതിനായി പ്രത്യേകം തൊഴിലാളിയെ നിയമിക്കും. വാതകശ്മശാനത്തിൽ ഒരു മൃതദേഹം ദഹിപ്പിക്കാൻ രണ്ടു മണിക്കൂർ സമയം വേണ്ടിവരും.

രണ്ടുമണിക്കൂറിനുശേഷം അടുത്ത മൃതദേഹം ദഹിപ്പിക്കാം. നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.28 കോടി രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തിയത്.

തലശ്ശേരിക്കു സമീപത്തായി നാലിടത്ത് ഇപ്പോൾ വാതകശ്മശാനമുണ്ട്. നഗരത്തിൽനിന്നുള്ളവർ ഉൾപ്പെടെ ഇവിടെയാണ് ഇപ്പോൾ മൃതദേഹം സംസ്കരിക്കുന്നത്. മൊകേരി പഞ്ചായത്തിലെ വള്ള്യായി, പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പ്രശാന്തി, കൂത്തുപറമ്പ് വലിയവെളിച്ചം, കതിരൂർ പഞ്ചായത്തിലെ കുണ്ടുചിറ എന്നിവിടങ്ങളിലാണ് ഇപ്പോൾ വാതകശ്മശാനമുള്ളത്. കുണ്ടുചിറ വാതകശ്മശാനത്തിൽ ഒരുദിവസം ആറ് മൃതദേഹം സംസ്കരിക്കാൻ കഴിയും. രാവിലെ ഒൻപതു മുതൽ ആറുവരെയാണ് പ്രവൃത്തിസമയം. 10 മൃതദേഹം വരെ ഒരുദിവസം ഇവിടെ വരാറുണ്ട്. അടുത്തയാഴ്ചയോടെ ഉദ്ഘാടനം നടത്താനാവുമെന്ന് അധികൃതർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: