അടൂർ സ്വദേശിനിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ആറന്മുള ആംബുലൻസ് പീഡനക്കേസ് പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ഐ.പി.സി 376 , 366 , 342 , 323 , 354 , 354 ബി വകുപ്പുകളാണ് പ്രതി നൌഫലിനെതിരെ ചുമത്തിയത്. പീഡനം നടന്ന ആറന്മുള നാൽക്കാലിക്കലില്‍ പ്രതിയെ എത്തിച്ച് അന്വേഷണ സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു.

പത്തനംതിട്ടയിലെത്തിച്ച് ആൻറിജൻ പരിശോധന നടത്തിയ ശേഷമാണ് പ്രതിയെ വീഡിയോ കോൺഫറൻസ് വഴി അടൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും പ്രതിയെ കൊല്ലത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം നടത്തുന്ന പരിശോധയില്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. ശനിയാഴ്ച അർധരാത്രിയാണ് കൊവിഡ് സ്ഥിരീകരിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട അടൂർ സ്വദേശിയായ പെൺകുട്ടി പീഡനത്തിനിരയായത്.

കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ അയച്ച വാഹനത്തിൽ മറ്റ് ആരോഗ്യ പ്രവർത്തകർ ഇല്ലാതിരുന്നതും ക്രിമിനൽ പശ്ചാത്തലം ഉള്ള നൗഫലിനെ ഡ്രൈവറായി നിയോഗിച്ചതും പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയേക്കും. പന്തളത്തെ കോവിഡ് കെയർ സെന്‍ററില്‍ പ്രത്യേക പരിചരണത്തിൽ കഴിയുന്ന പെൺകുട്ടി സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: