സെപ്‌റ്റംബര്‍ 10 ന്റെ ദേശീയ പ്രതിഷേധ ഹര്‍ത്താല്‍ വിജയിപ്പിക്കുക: എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

പെട്രോളീയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ ജനങ്ങള്‍ക്കുമേല്‍ അടിക്കടി വന്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 10 ന്‌ നടക്കുന്ന ദേശീയ പ്രതിഷേധ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട്‌ 6 വരെയാണ്‌ ഹര്‍ത്താല്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ്‌ ഹര്‍ത്താല്‍ നടത്തേണ്ടത്‌.

അനിയന്ത്രിതമായ ഇന്ധനവില വര്‍ദ്ധനയും, രൂപയുടെ മൂല്യശോഷണവും ജനജീവിതം ദുസ്സഹമാക്കുകയാണ്‌. കഴിഞ്ഞ രണ്ടാഴ്‌ചയോളമായി തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും അനിയന്ത്രിത വില വര്‍ദ്ധന തടയാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല.

83 രൂപയാണ്‌ വെള്ളിയാഴ്‌ച കേരളത്തില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില. തലേന്നത്തതിനേക്കാള്‍ 20 പൈസയുടെ വര്‍ദ്ധന. ഡീസലിന്‌ 76.72 രൂപയായി. ഒറ്റ രാത്രിയില്‍ 22 പൈസയുടെ വര്‍ദ്ധന. രണ്ടാഴ്‌ചയ്‌ക്കിടെ രണ്ട്‌ രൂപയോളമാണ്‌ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്‌. അടിക്കടിയുണ്ടാകുന്ന പ്രെട്രോളിന്റേയും ഡീസലിന്റേയും വിലവര്‍ദ്ധനവ്‌ കാര്‍ഷിക പ്രതിസന്ധിയുടെ ഭാരം വര്‍ദ്ധിപ്പിക്കുകയാണ്‌. വിലക്കയറ്റം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു.

മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ തകര്‍ച്ചയിലാവുകയും, തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ്‌ പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ്‌. ചെറിയ ഇടവേളയ്‌ക്കു ശേഷം ജൂലൈ 30 മുതലാണ്‌ തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിക്കാന്‍ തുടങ്ങിയത്‌.

2014 ല്‍ 10 ശതമാനമായിരുന്ന പെട്രോളിയം കമ്പനികളുടെ ലാഭം ഇപ്പോള്‍ 16 ശതമാനമായി ഉയര്‍ന്നു. ഇതില്‍ നിന്ന്‌ ചെറിയൊരു ഭാഗം പോലും സാധാരണക്കാരുടെ ജീവിതഭാരം ലഘൂകരിക്കുന്നതിനായി മാറ്റിവെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നടക്കുന്ന ദേശീയ ഹര്‍ത്താലില്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: