നാറാത്ത് സ്വദേശിനി മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി

കോതമംഗലത്ത് കണ്ണൂർ സ്വദേശിനി മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബീഹാറിലെത്തി ബിഹാർ പൊലീസിൻ്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ സോനുവും സംഘവും ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ ഇവർ കീഴടങ്ങി. രഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിനെ പട്നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ പൊലീസ് തെരയുന്നുണ്ട്. ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റൽ കോളജ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് സ്വദേശിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരിൽ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: