ക്ഷേത്രത്തിൽ കവർച്ച: 14 പവന്റെ തിരുവാഭരണം നഷ്ടപ്പെട്ടു

പഴയങ്ങാടി: ഏഴോം കുറുവാട്ടെ കൂറുംബ ഭഗവതിക്ഷേത്രത്തിൽ കള്ളൻ കയറി ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 14 പവനോളം വരുന്ന സ്വർണ ഉരുപ്പടികൾ കവർച്ചചെയ്തു. തിടമ്പിൽ ചാർത്താറുള്ള ആഭരണമാണ് മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്തുള്ള പെട്ടിയിൽ സൂക്ഷിച്ചിരുന്നതാണ്‌ സ്വർണമാല. ശ്രീകോവിലിന്റെ പൂട്ടും തകർത്തിട്ടുണ്ട്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പാട്ടുവെക്കാനെത്തിയയാളാണ് മോഷണവിവരം ആദ്യമറിഞ്ഞത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ക്ഷേത്രം അടച്ചത്. പൂട്ടുതകർത്ത് ഓഫീസ് മുറിയിൽ കയറിയെങ്കിലും അവിടെനിന്നൊന്നും കിട്ടിയില്ല. സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷമായിരിക്കാം മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതെന്ന്‌ കരുതുന്നു. അവിടെനിന്നെടുത്തതെന്ന്‌ കരുതുന്ന ഇരുമ്പുപാരയും മറ്റു ചില സാധനങ്ങളും ക്ഷേത്രത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.null

പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലൻ, എസ്.ഐ. കെ.ഷാജു, പ്രൊബേഷൻ എസ്.ഐ. രജനീഷ് മാധവൻ എന്നിവർ സ്ഥലത്തെത്തി. കണ്ണൂരിൽനിന്ന് പോലീസ് നായയും വിരലടയാള വിദഗ്‌ധരുമെത്തി. മോഷ്ടാവ് ഭക്ഷണം കഴിച്ചെന്ന്‌ കരുതുന്ന സ്ഥലംവരെ പോയി തിരിച്ചുവന്ന നായ മെയിൻ റോഡിൽ വന്നുനിന്നു. വിരലടയാളവും ലഭിച്ചിട്ടുണ്ട്.

പോലീസ് അന്വേഷണം ഊർജിതമാക്കി. മെയിൻ റോഡരികിലെ ചില വീടുകളിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യവും പോലീസ് ശേഖരിച്ചിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: