കണ്ടക്ടര്‍ക്ക് മര്‍ദനം : ശ്രീകണ്ഠപുരം- തളിപ്പറമ്പ് റൂട്ടില്‍ ബസ് പണിമുടക്ക്‌

വിദ്യാർഥിനിക്ക് യാത്രാസൗജന്യം അനുവദിച്ചില്ലെന്നാരോപിച്ച് സി.ഐ.ടി.യു.കാരനായ ബസ് കണ്ടക്ടറെ എസ്.എഫ്.ഐക്കാർ മർദിച്ചു. മർദനമേറ്റ കണ്ടക്ടർ അരീക്കാമല താരച്ചിത്തയിലെ കിഴക്കേപ്പുറത്ത് ഐവിൻ ജെയിംസിനെ തളിപ്പറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ചന്ദനക്കാംപാറ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് ഐവിൻ. തളിപ്പറമ്പിൽനിന്ന് ബസ്സിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ പാസ് ആവശ്യപ്പെട്ടു. തളിപ്പറമ്പിനടുത്ത ഒരു സ്വാശ്രയ കോളേജിലാണ് പെൺകുട്ടി പഠിക്കുന്നത്. സ്വാശ്രയ കോളേജ് വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാൻ പാസിൽ ആർ.ടി.ഒ. ഒപ്പിടണമെന്ന് പറഞ്ഞ് കണ്ടക്ടർ ടിക്കറ്റിന്റെ ചാർജ് ഈടാക്കിയെന്ന് വിദ്യാർഥിനി പറയുന്നു.വിദ്യാർഥിനി മൊബൈൽ ഫോൺ വഴി മെസേജായി ഇക്കാര്യം എസ്.എഫ്.ഐ.ക്കാരെ അറിയിക്കുകയും സംഘടിച്ചെത്തിയ ഇവർ ശ്രീകണ്ഠപുരം സ്റ്റാൻഡിൽ ബസ് എത്തിയതോടെ ഐവിനെ വലിച്ച് പുറത്തിറക്കി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ്-ശ്രീകണ്ഠപുരം റൂട്ടിൽ തൊഴിലാളികൾ സംയുക്തമായി ബുധനാഴ്ച പണിമുടക്കുമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ ജനറൽ സെക്രട്ടറി കെ. ജയരാജനും തളിപ്പറമ്പ് ഡിവിഷൻ സെക്രട്ടറി കെ.വി.രാജനും തളിപ്പറമ്പ് ഡിവിഷൻ സെക്രട്ടറി കെ.വി.രാജനും അറിയിച്ചു. അതേസമയം, കണ്ടക്ടറെ മർദിച്ചിട്ടില്ലെന്നും വിദ്യാർഥിനിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നും എസ്.എഫ്.ഐ. പ്രവർത്തകർ പറഞ്ഞു. കണ്ടക്ടർ മർദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ. പ്രവർത്തകനും എസ്.ഇ.എസ്. കോളേജ് യൂണിയൻ ചെയർമാനുമായ വി.അർജുൻ തളിപ്പറമ്പ് സഹകരണാസ്പത്രിയിലും ചികിത്സ തേടി. ശ്രീകണ്ഠപുരം എസ്.ഐ. എം.പി.ഷാജി ആസ്പത്രിയിലെത്തി കണ്ടക്ടറുടെ മൊഴിയെടുത്തു.യാത്രാപാസ് ഉണ്ടായിട്ടും കൺസഷൻ നൽകാത്ത ബസ് ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.വിദ്യാർഥികളെ കൈകാര്യം ചെയ്യുന്ന നടപടി തുടർന്നാൽ ശകതമായ പ്രതിഷേധസമരം തുടങ്ങുമെന്നും എസ്.എഫ്.ഐ. അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: