സുഷമ സ്വരാജിന് ഇന്ന് രാജ്യം വിട നല്‍കും; ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം; വൈകീട്ട് ഡല്‍ഹിയില്‍ സംസ്‌കാര ചടങ്ങുകൾ

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെയാണ് സ്വവസതിയിലേക്ക് എത്തിച്ചത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണി വരെ പൊതുദര്‍ശനത്തിനായി ഡല്‍ഹിയിലെ വസതിയിലും 12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും വെയ്ക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ച്‌ സുഷമ സ്വരാജ് അന്തരിച്ചത്. 67 വയസ്സായിരുന്നു. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്ബതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.
ആദ്യ നരേന്ദ്ര മോഡി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ്, ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: