ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് ലഭിച്ചത് കോടികള്‍

കണ്ണൂർ: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ. കണ്ണൂര്‍ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരിക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. ചൊവ്വാഴ്ച നടന്ന ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിലാണ് നീരജിന് സമ്മാനം ലഭിക്കുന്നത്. നീരജും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അതിനാല്‍ തന്നെ തന്റെ സുഹൃത്തുക്കളുമായി നീരജ് ഈ തുക പങ്കുവെക്കും. ഇവര്‍ എടുത്ത 306 സീരീസിലെ 2711 നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിക്കുന്നത്.
ജബല്‍ അലിയിലെ ലോജിസ്റ്റിക് കമ്ബനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് നീരജ്. കഴിഞ്ഞ നാല് വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന നീരജ് അന്നുതൊട്ട് ഇടയ്ക്കിടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു.

ഒരാള്‍ 100 ദിര്‍ഹം വീതം ചെലവഴിച്ച്‌ 1000 ദിര്‍ഹത്തിനാണ് ഈ സുഹൃത്തുക്കള്‍ ടിക്കറ്റെടുത്തത്. ജൂലൈ ആദ്യമാണ് ഭാഗ്യവുമായെത്തിയ 2711 നമ്ബര്‍ ടിക്കറ്റ് എടുക്കുന്നത്. രാവിലെ നീരജ് ഓഫീസില്‍ ജോലിയിലായിരിക്കെയാണ് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന വിവരം ഡ്യൂട്ടി ഫ്രീ അധികൃതര്‍ ഫോണില്‍ അറിയിക്കുന്നത്. എന്നാല്‍ നീരജ് ഇത് ആദ്യം വിശ്വസിച്ചില്ല. പിന്നീട് ഡ്യൂട്ടി ഫ്രീ അധികൃതരെ വിളിച്ച്‌ ഉറപ്പാക്കി. സമ്മാനപ്രഖ്യാപനത്തിന്റെ വീഡിയോ സുഹൃത്തക്കളും അയച്ച്‌ നല്‍കിയതോടെ നീരജിന് പൂര്‍ണവിശ്വാസമായി.
നീരജിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ രതീഷ് കുമാര്‍, കൃഷ്ണപ്രസാദ്, തമിഴ്നാട് സ്വദേശി ഷണ്‍മുഖം, പശ്ചിമ ബംഗാള്‍ സ്വദേശി സിദ്ദ് സരോവര്‍, തൃശൂര്‍ സ്വദേശി റിഹാന്‍, കണ്ണൂര്‍ സ്വദേശികളായ ധനേഷ്, ചന്ദ്രന്‍, സുനില്‍, ഉല്ലാസ്, എന്നിവരുമായി ചേര്‍ന്നാണ് സമ്മാനത്തുക പങ്കുവയ്ക്കുക. കണക്കനുസരിച്ച്‌ സുഹൃത്തുക്കള്‍ക്ക് ഓരോരുത്തര്‍ക്കും 71 ലക്ഷം രൂപയാണ് ലഭിക്കുക. മംഗളുരുവില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ നീരജ് ഹരിദാസ്-ശോഭന എന്നിവരുടെ മകനാണ്. സിജിയാണ് നീരജിന്റെ ഭാര്യ. തനിക്ക് ലഭിക്കുന്ന പണത്തില്‍ നിന്നും നാട്ടിലുള്ള ബാങ്ക് വായ്പ്പ അടച്ചുതീര്‍ക്കാനാണ് ഇപ്പോള്‍ ഈ യുവാവ് പദ്ധതിയിടുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ അടുത്തിടെ നിരവധി ഇന്ത്യക്കാരെ തേടി ഭാഗ്യം എത്തിയിട്ടുണ്ട്. 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് കഴിഞ്ഞ ദിവസം ഏഴുകോടി രൂപ സമ്മാനമായി ലഭിച്ചുരുന്നു. റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന അനു സുധാകര്‍ വാങ്ങിയ 2686-ാം നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: