അഴീക്കോടിന്റെ പ്രിയ പുത്രി ചിഞ്ചുഷ വിടവാങ്ങിയിട്ട് ഇന്നേക്ക് 4 വർഷം

0

“ചിഞ്ചുഷ – അകാലത്തില്‍ പൊഴിഞ്ഞ നക്ഷത്രം.

നീ നമ്മുടെ അഭിമാനമായിരുന്നു.

നീ വരച്ചെടുത്ത സ്വപ്‌നങ്ങളിലൂടെ

നീ വേഷപ്പകര്‍ച്ച നല്‍കിയ പ്രതീക്ഷകളിലൂടെ

നീ കീഴടക്കിയ ഉയരങ്ങളിലൂടെ

നീ ഞങ്ങളില്‍ ജീവിക്കും!”

വാക്കുകള്‍ ഒന്നിനും പകരമല്ല. വാക്കുകളും ഇല്ലെങ്കില്‍ മനുഷ്യര്‍ എന്ത്‌ ചെയ്യാനാണ്‌. ഏതൊരു അച്ഛനും അമ്മയും കൊതിക്കുന്ന മകളായി നീ പുനര്‍ജനിക്കട്ടെ.

അഴീക്കോടുകാരുടെ പ്രിയപ്പെട്ട ചിഞ്ചുഷ……….

ചിത്രകാരി, നര്‍ത്തകി അങ്ങനെയെന്തൊക്കെയായിരുന്നു ഈ 19 വര്‍ഷത്തിനിടയില്‍ അവള്‍. കേന്ദ്രഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹ, കേരള ലളിതകലാ അക്കാദമിയുടെയും വിവിധ സംഘടനകളുടെയും അംഗീകാരങ്ങള്‍. സംസ്ഥാന ഗവണ്‍മെന്റിന്റെ അംഗീകാരം, മാതൃഭൂമി, ഹിന്ദുപത്രങ്ങള്‍ നടത്തിയ ചിത്രരചനാ മത്സര വിജയി. അങ്ങനെ അവാര്‍ഡുകളുടെ പെരുമഴ. അഞ്ഞൂറിലധികം പുരസ്‌ക്കാരങ്ങള്‍. തന്റെ അഴീക്കോട്ടെ ചെറിയ വീട്ടില്‍ ട്രോഫികളും ഷീല്‍ഡുകളും ഞെരുങ്ങി അമര്‍ന്നു കിടന്നു. സൗമ്യവും നിഷ്‌ക്കളങ്കവുമായ പെരുമാറ്റം, മലയാളം മീഡിയത്തില്‍ പഠിച്ച്‌ അഴീക്കോട്‌ സ്‌ക്കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എസ്‌.എസ്‌.എല്‍.സിക്ക്‌ `എ പ്ലസ്‌’. സാധാരണക്കാരായ അച്ഛനമ്മമാരുടെ മൂത്തമകള്‍.. മണിപ്പാല്‍ കസ്‌തൂര്‍ബാ ഹോസ്‌പിറ്റലില്‍ കാന്‍സര്‍ വാര്‍ഡില്‍ കിടന്ന്‌ രോഗത്തെ നോക്കി അവള്‍ ചിരിച്ചു. കിടക്കയില്‍ നിന്നും ക്യാന്‍വാസില്‍ അവള്‍ മികച്ച ചിത്രങ്ങള്‍ കോറിയിട്ടു. ജീവനും, ജീവിതവും, പ്രകൃതിയും ചേര്‍ന്നുള്ള മനോഹര ചിത്രങ്ങള്‍. ഡോക്‌ടര്‍മാര്‍ക്ക്‌ ഈ ചെറിയ കുട്ടി വിസ്‌മയമായ്‌. മരുന്നുകള്‍ ഫലിച്ചു. രോഗം മാറുന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. അവളുടെ നിശ്ചയദാര്‍ഢ്യത്തിന്‌ മുന്നില്‍ കാന്‍സര്‍ തോറ്റു. അവള്‍ അനുഭവങ്ങള്‍ കടലാസില്‍ എഴുതി. ജീവിതത്തെ പോസിറ്റീവായി കാണാനും ഇച്ഛാശക്തി കൊണ്ട്‌ വെല്ലുവിളികളെ നേരിടാമെന്നും അവള്‍ ലോകത്തോട്‌ ഉറക്കെ പറഞ്ഞു. ഡോക്‌ടര്‍മാര്‍ ലേഖനം മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. പിന്നെ ഡല്‍ഹിയിലേക്കും അയച്ചു. ഈ ലേഖനം CCERT ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്‌തു. കേന്ദ്ര സ്‌കോളര്‍ഷിപ്പിന്‌ അവള്‍ അര്‍ഹയായി. പിന്നീട്‌ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ കലാതിലക പട്ടം നേടി. എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം. പ്ലസ്‌ടു പഠനകാലയളവില്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ചിത്രരചനയിലും ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മികവാര്‍ന്ന നേട്ടം, ശാസ്‌ത്രമേളയില്‍ വര്‍ക്ക്‌ എക്‌സ്‌പീരിയന്‍സില്‍ സംസ്ഥാന അംഗീകാരം. അങ്ങനെ ഓര്‍ത്തെടുക്കാന്‍ എന്തെല്ലാം. 1200 മാര്‍ക്കും വാങ്ങി പ്ലസ്‌ടു റിസള്‍ട്ടില്‍ കണ്ണൂര്‍ ദീനുല്‍ ഇസ്ലാംസഭ സ്‌കൂളിനെ ചരിത്രത്തിന്റെ താളുകളിലെത്തിച്ച മിടുക്കി. പിന്നെ ഗവണ്‍മെന്റ്‌ മെറിറ്റ്‌ സീറ്റില്‍ എം.ബി.ബി.എസ്‌ വിദ്യാര്‍ത്ഥിനിയായ്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍. അച്ഛനും അമ്മയും അനുജനും നല്ലവരായ നാട്ടുകാരും സന്തോഷിച്ചു. പക്ഷേ വൈദ്യശാസ്‌ത്രത്തിന്‌ വല്ലതും ചെയ്യാന്‍ കഴിയുന്നതിന്‌ മുമ്പ്‌ – മണിപ്പാല്‍ ഹോസ്‌പിറ്റലില്‍ അവള്‍ – നിറങ്ങളെയും വരകളെയും ചായക്കൂട്ടുകളെയും ജീവിതത്തെയും അകറ്റി നിര്‍ത്തി ഇരുളിലേക്ക്‌ ലയിച്ചുപോയി. വൈദ്യശാസ്‌ത്രത്തെ ഒരിക്കല്‍ തോല്‌പിച്ച ആ കുട്ടി പിന്നീട്‌ വൈദ്യശാസ്‌ത്ര വിദ്യാര്‍ത്ഥിനിയായ്‌ – പാതിവഴിയില്‍ വെച്ച്‌ മുമ്പ്‌ തന്നെ കാര്‍ന്ന്‌ തിന്നാന്‍ വന്ന രോഗത്താല്‍ വൈദ്യശാസ്‌ത്രത്തിന്‌ മുന്നില്‍ വീണ്ടും കീഴടങ്ങി. 2014 ആഗസ്റ്റ്‌ 7-ാം തീയതി ആ ശരീരം നിലച്ചു. വിധി അങ്ങനെയൊക്കെയാണ്‌….. .

ഇനിയും നേടിയെടുക്കാന്‍ ബാക്കി വെച്ച അംഗീകാരങ്ങള്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ അവൾ യാത്രയായി…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading