കൃഷ്ണാ ജ്വല്ലറിയിൽനിന്ന് ഏഴരക്കോടിതട്ടിയെടുത്ത ജീവനക്കാരി ഒളിവിൽ; പണം ബിനാമി അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്ന് ആരോപണം

കണ്ണൂർ: കണ്ണൂർ താവക്കരയിലെ കൃഷ്ണാജ്വല്ലേഴ്സിൽനിന്ന് ഏഴരക്കോടി രൂപയോളം അപഹരിച്ചു മുങ്ങിയ ചീഫ്അക്കൗണ്ടന്റിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൃഷ്ണാജൂവൽസ്എംഡിയുടെ പരാതിയിൽ കണ്ണൂർ ടൗൺപോലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
പരാതി ഉയർന്നതിനെ തുടർന്ന് കണ്ണൂർ ചിറക്കൽ സ്വദേശിയായ സിന്ധു (49) ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോണും സ്വിച്ച്ഓഫാക്കിയ നിലയിലാണ്. സിന്ധു കേരളത്തിന്പുറത്താണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. എന്നാൽ ഇവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യംചെയ്തതിൽ ഇവർ എവിടെയാണെന്ന വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
ഒളിവിൽ പോയ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. ഇവർക്ക് നിരവധി അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ബന്ധുക്കളോടെപ്പം തുടങ്ങിയ ജോയിന്റ് ബാങ്ക് അക്കൗണ്ടുകളും ഇതിനൊപ്പമുണ്ട്. സിന്ധുവിന്റെ പേരിലുള്ള രണ്ട് അക്കൗണ്ട്, ഭർത്താവ്, സിന്ധുവിന്റെ മാതാവ്, സഹോദരൻ തുടങ്ങിയവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഭർത്താവിൻ്റെ പേരിലുള്ള സ്വന്തം അക്കൗണ്ട്, എന്നിവയിലാണ് ഇവർ പലതവണകളായി പണംനിക്ഷേപിച്ചത്.
2004മുതൽ സ്ഥാപനത്തിന്റെ എല്ലാഅക്കൗണ്ട് ഇടപാടുകളും ബാങ്കിങ് ഇടപാടുകളും നികുതി വരുമാന കണക്കുകളും കൈകാര്യം ചെയ്തത് സിന്ധു തനിച്ചായിരുന്നു. നേരിട്ടും നെറ്റ് ബാങ്കിങ് വഴിയുമാണ് ഇവർ ഇതു ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ പ്രധാന തസ്തികയിൽ ജോലി ചെയ്തിരുന്ന സിന്ധു മറ്റു സഹപ്രവർത്തകർക്കുമേൽ തന്റെ അപ്രമാദിത്വം അടിച്ചേൽപിച്ചിരുന്നതായി പരാതിയുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമായി ഇവർ മറ്റു ജീവനക്കാരെ ശകാരിച്ചിരുന്നു. മാനേജ്മെന്റ് അറിയാതെ തനിക്ക് അനിഷ്ടംതോന്നുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നതായും ചിലരെ ജോലിയിൽനിന്നു പിരിച്ചുവിടാൻ കാരണക്കാരിയായെന്നും പരാതിയുണ്ട്.
ഏഴരക്കോടിതട്ടിയെടുത്തുവെന്ന് സിന്ധുവിനെതിരെ ആരോപണം ഉയർന്നത് സ്ഥാപന ത്തിലെ ആഭ്യന്തര ഓഡിറ്റിങ്നടത്തിയതിനു ശേഷമാണ്. മാനേജ്മെന്റ് തലപ്പത്ത് പുതിയ ആളുകൾ ചുമതലയേറ്റതിനു ശേഷമാണ് സ്ഥാപനത്തിന്റെ ആസ്തി-ബാധ്യതാ കണക്കെടുപ്പ് തുടങ്ങിയത്.