കണ്ണൂർ, പുതിയങ്ങാടി, മാട്ടൂൽ, തലശ്ശേരി മേഘലകളിൽ കടലേറ്റം രൂക്ഷം; സഞ്ചാരികൾക്ക് സജാഗ്രത നിർദ്ധേശം

കണ്ണൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കടലേറ്റം രൂക്ഷമാകുന്നു. കണ്ണൂർ, പുതിയങ്ങാടി, മാട്ടൂൽ, തലശ്ശേരി മേഖലകളിൽ കടൽ കരയിലേക്ക് കയറി. ജില്ലയിലെ ബീച്ചുകളിൽ സഞ്ചാരികൾക്ക് നാലുദിവസമായി നിയന്ത്രണം തുടരുകയാണ്. പയ്യാമ്പലത്തും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലുമടക്കം സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും പൊലീസും ലൈഫ് ഗാർഡുമാരും ഇടപെട്ട് തിരിച്ചയക്കുകയാണ്. 20 മീറ്ററിലധികം കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. പയ്യാമ്പലത്ത് ഞായറാഴ്ച അയ്യായിരത്തിലധികം സഞ്ചാരികൾ എത്തിയിരുന്നു. കടലിൽ ഇറങ്ങുന്നത് പൊലീസ് ഇടപെട്ട് വിലക്കുകയായിരുന്നു. ഉയർന്ന തിരമാലകളാണ് തീരത്ത്.
ജില്ലയിൽ ഈ മാസം 10 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്ന്, നാല് ദിവസം കൂടി കടലേറ്റം രൂക്ഷമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച പയ്യാമ്പലത്ത് കടലിൽ അകപ്പെട്ട വയോധികയെ ലൈഫ് ഗാർഡുമാർ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ ഇരിപ്പിടത്തിന്റെ ഭാഗത്തുനിന്നും കൈയിലെ ഞരമ്പുമുറിച്ച് കടലിൽചാടി ആത്മഹത്യക്ക് ശ്രമിച്ച റെയിൽവേ ഉദ്യോഗസ്ഥനെ വലിയ തിരമാലകൾക്കിടയിൽ നിന്ന് സാഹസികമായാണ് രക്ഷിച്ചത്. കടൽ പ്രക്ഷുബ്ധമാകുമ്പോഴും വെള്ളത്തിലിറങ്ങാനെത്തുന്നവർ ഏറെയാണ്.

ആവശ്യത്തിന് ലൈഫ് ഗാർഡുമാരുടെ എണ്ണം ജില്ലയിലെ ബീച്ചുകളിലുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം10 വരെ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടൽക്ഷോഭത്തിനു സാധ്യതയേറെയാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് മാറിത്താമസിക്കാൻ അധികൃതരുടെ നിർദേശമുണ്ട്. ബോട്ടും വള്ളവും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നാണ് നിർദേശം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: