കണ്ണൂർ പരിയാരത്ത് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

കണ്ണൂർ: ദേശിയ പാതയിൽ അലക്യം പാലത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിയും സഹോദരനും മരണപ്പെട്ടു. പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മൽ ലക്ഷ്മണൻ്റെയും പടിഞ്ഞാറ്റ പുരയിൽ ഭാനുമതിയുടെയും മക്കളായ ലോപേഷ് (33) സ്നേഹ (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡില്‍ തെന്നിവീണപ്പോള്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് ഈ ഭാഗത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്..
സ്നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ-
പുതുതായി ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് സ്നേഹയെ വിധി തട്ടിയെടുത്തത്. മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യാപികയായി സ്നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. പരിയാരം പോലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണ് കോഴിലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. സ്നേഹ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.