വിള ഇൻഷൂറൻസ് പദ്ധതി: വാഹന പ്രചരണ ജാഥക്ക് തുടക്കം

വിള ഇൻഷൂറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്താൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥക്ക് തുടക്കമായി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി ജൂലൈ ഏഴിന് ജാഥ സമാപിക്കും.

സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി, പി എം എഫ് ബി വൈ, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നീ പദ്ധതികളിലായാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്. കാലവർഷത്തിൽ വൻതോതിൽ കൃഷി നാശം സംഭവിക്കുന്നത് കണക്കിലെടുത്ത് മുഴുവൻ കർഷകരെയും ഇൻഷൂറൻസിൽ ചേർക്കാനാണ് ലക്ഷ്യം. ജൂലൈ 31 വരെയാണ് ചേരാൻ അവസരം. കേന്ദ്ര സംസ്ഥാന കൃഷി വകപ്പുകളുടെ മേൽനോട്ടത്തിൽ പൊതുമേഖല സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേനയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.

പിഎംഎഫ്ബിവൈ പദ്ധതി പ്രകാരം ഒരു സെന്റിലുള്ള വാഴ കൃഷിക്ക് 60 രൂപ പ്രീമിയം തുക അടച്ചാൽ 1200 രൂപ ഇൻഷൂറൻസ് ലഭിക്കും. മരച്ചീനിക്ക് 19 രൂപ പ്രീമിയത്തിൽ 500 രൂപ ലഭിക്കും. ഡബ്ല്യുബിസിഐഎസ് പദ്ധതി പ്രകാരം വാഴ 35 (700), കൊക്കോ 12 (240), കവുങ്ങ് 20 (400), കുരുമുളക് 10 (200), നെല്ല് 6 (320), പച്ചക്കറി 8 (160) എന്നിങ്ങനെയാണ് ഒരു സെന്റിനുള്ള പ്രീമിയം തുകയും ഇൻഷുറൻസ് തുകയും. കുരുമുളക്, കവുങ്ങ്, കൊക്കോ, വാഴ എന്നീ വിളകൾ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തയായ കാറ്റ് എന്നിവ കൊണ്ട് നശിച്ചാൽ വ്യക്തിഗത ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. വിളയുടെ വളർച്ചാഘട്ടത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണയിക്കുക. ഇത്തരത്തിൽ നഷ്ടം സംഭവിച്ചാൽ 72 മണിക്കൂറിനുള്ളിൽ വായ്പ എടുത്ത ബാങ്ക്, കൃഷി ഭവൻ എന്നിവിടങ്ങളിൽ രേഖാമൂലം അറിയിക്കണം.

ചടങ്ങിൽ അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി, അഗ്രികൾച്ചറൽ ഓഫീസർ പി അനിത, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ജില്ലാ കോഓർഡിനേറ്റർ പി ഐശ്വര്യ, കണ്ണൂർ ഫീൽഡ് ഓഫീസർ ടി ടി കെ വിഷ്ണു എന്നിവർ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാം: തലശ്ശേരി 7510703277, ഇരിട്ടി 8630421810, കണ്ണൂർ 7025965447, തളിപ്പറമ്പ് 7025965447, പയ്യന്നൂർ 7510703277.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: