18 കോടിയുടെ മരുന്ന്, ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ ചികിത്സാ നടപടിക്രമങ്ങള്‍ക്ക് ആസ്റ്റര്‍ മിംസില്‍ തുടക്കമായി

കണ്ണൂര്‍ മാട്ടുമ്മല്‍ സ്വദേശി ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടിക്രമങ്ങള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍ കുഞ്ഞിന്റെ ബന്ധുക്കളുമായി സംസാരിക്കുകയും ചികിത്സാ സംബന്ധമായ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ട 18 കോടി ഉമ്മയുടെ അകൗണ്ടില്‍ നിറഞ്ഞത്. വേദനകൊണ്ട് പുളയുന്ന മുഹമ്മദിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സഹായ പ്രവാഹമായിരുന്നു. മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ദിവസങ്ങള്‍ക്കകം തന്നെ 18 കോടി സ്വരൂപിക്കാന്‍ കഴിഞ്ഞു. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനകളിലൂടെയാണ് മരുന്നിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുന്നതും ചികിത്സ ആരംഭിക്കുന്നതുമെന്ന് ഡോ. സ്മിലു മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമായും അഞ്ച് തരത്തിലാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ ) എന്ന രോഗം കാണപ്പെടുന്നത്. ഇതില്‍ ടൈപ് 2, ടൈപ് 3 എന്നിവയാണ് മുഹമ്മദിനെ ബാധിച്ചിരിക്കുന്ന വകഭേദങ്ങള്‍. നിലവില്‍ മുഹമ്മദിന് പിടിച്ച് നില്‍ക്കാനും അല്‍പം നടക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ക്രമേണ ഈ കഴിവുകള്‍ കൂടി കുട്ടിക്ക് നഷ്ടപ്പെടും. ഈ അവസ്ഥ കുറയാതെ നിലനിര്‍ത്താനും കൂടുതല്‍ മികച്ച ആരോഗ്യം തിരിച്ച് പിടിക്കാനുമായാണ് ജീന്‍ തെറാപ്പി എന്ന ചികിത്സ മുഹമ്മദിനായി നിര്‍ദേശിക്കപ്പെട്ടത്. സോള്‍ജെന്‍സ്മ (Zolgensma) എന്ന മരുന്നാണ് ഇതിനാവശ്യമായി വരുന്നത്. ഒറ്റത്തവണ മാത്രമേ ഈ മരുന്ന് കുത്തിവെക്കേണ്ടതുള്ളൂ. ഇത് ഡി എന്‍ എ യില്‍ പ്രവേശിച്ച് തകരാര്‍ സംഭവിച്ച ജീനില്‍ പ്രതിപ്രവര്‍ത്തിച്ച് അവയുടെ തകരാര്‍ പരിഹരിക്കുകയാണ് ചെയ്യുന്നത്. വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനമാണ് മരുന്നിന്റേത് എന്നതിനാലും നിര്‍മിക്കാനും അതിനാവശ്യമായ ഗവേഷണങ്ങള്‍ക്കും വലിയ ചെലവ് വരുന്നു എന്നതിനാലും, വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഈ മരുന്ന് ആവശ്യമായി വരുന്നുള്ളൂ എന്നതിനാലുമാണ് ഇത്രവലിയ ചെലവ് വരുന്നത്.

മുഹമ്മദിന് മരുന്ന് ഫലപ്രദമാകുമോ എന്നറിയാനുള്ള ആന്റി ബോഡി പരിശോധനയാണ് ആദ്യമായി നിര്‍വഹിക്കേണ്ടത്. ഇതിനായി സാംപിള്‍ സ്വീകരിച്ച് അഡിനോവവൈറസ് ആന്റിബോഡി ടെസ്റ്റിനായി വിദേശത്തേക്കയക്കുകയാണ് ചെയ്യുക. ഇതിന്റെ ഫലം അറിയുന്നതിനിടയില്‍ തന്നെ കരള്‍, വൃക്ക മുതലായവയുടെ പ്രവര്‍ത്തനം ഉള്‍പെടെയുള്ള നിരവധി പരിശോധനകള്‍ ഇവിടെ നിന്നും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഏതാണ്ട് 15 മുതല്‍ 20 ദിവസം വരെ ഈ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് റിസള്‍ട് വരാനെടുക്കും. ഈ പരിശോധന ഫലങ്ങളെല്ലാം അനുകൂലമാണെങ്കില്‍ മുഹമ്മദിന്റെ മാതാപിതാക്കള്‍ കമ്പനിയുമായി പണമിടപാട് നടത്തുകയും കമ്പനി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലേക്ക് മരുന്ന് അയച്ച് തരികയും ചെയ്യും. ഇത്തരത്തില്‍ മരുന്ന് ലഭ്യമായാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കാമെന്നും മുഹമ്മദിന് മരുന്ന് നല്ലരീതിയില്‍ ഫലപ്രദമായി തീരുമെന്നാണ് വിശ്വാസമെന്നും ഡോ. സ്മിലു മോഹന്‍ലാല്‍ പറഞ്ഞു. മുഹമ്മദിന്റെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന് പുറമെ പീഡിയാട്രിക് സര്‍ജനും ചീഫ് ഓഫ് മെഡികല്‍ സര്‍വീസസുമായ എബ്രഹാം മാമന്‍, പീഡിയാട്രിക് വിഭാഗം മേധാവി സുരേഷ് കുമാര്‍ ഇ കെ, ന്യൂറോ സര്‍ജന്‍ നൗഫല്‍ ബഷീര്‍, ജനിറ്റിക് വിഭാഗം കണ്‍സള്‍ടന്റ് ഡോ ദിവ്യ പച്ചാട്ട് എന്നിവര്‍ ഉള്‍പെടുന്ന മെഡികല്‍ ബോര്‍ഡിന് കൂടി ആസ്റ്റര്‍ മിംസില്‍ രൂപം നല്‍കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: